2240 കര്‍ഷകരുടെ 5.81 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളി ഉത്തരവ്
തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത 5.81 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളി സര്‍ക്കാര്‍ ഉത്തരവിറക്കി. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ 34 നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള 2,240 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒരു ലക്ഷം രൂപവരെ വായ്പ എടുത്തവര്‍ക്കാണ് ഉത്തരവിന്റെ പ്രയോജനം ലഭിക്കുന്നത്. പിഴപ്പലിശ പൂര്‍ണമായി കാര്‍ഷിക കടാശ്വാസ നിയമപ്രകാരം ഒഴിവാക്കിയും പലിശയുടെ നിശ്ചിത ശതമാനം കുറച്ചുമുള്ള തുകയാണു കണക്കാക്കിയത്. സഹകരണ ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവ വഴി പണം കടമെടുത്തവര്‍ക്കു പ്രയോജനം ലഭിക്കും. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നു ജസ്റീസ് ഉദയഭാനു അധ്യക്ഷനായ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഒരു ലക്ഷം രൂപവരെയുള്ള കടങ്ങളാണ് എഴുതിത്തള്ളാന്‍ നിര്‍ദേശിച്ചത്.


ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കടാശ്വാസ കമ്മീഷന്‍ ചര്‍ച്ച നടത്തി. 34 പ്രൊപ്പോസലുകളിലായാണു ഇത്രയധികം കര്‍ഷകര്‍ക്കു പ്രയോജനം ലഭിക്കുന്ന നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസം 24 മുതല്‍ ജൂണ്‍ 30 വരെയായിരുന്നു ഇതിനായുള്ള പ്രത്യേക സിറ്റിംഗുകള്‍ നടത്തിയത്.