മെമു സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
Monday, November 19, 2012 11:52 PM IST
കൊച്ചി: മെമു സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നു തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍. കൊല്ലം-നാഗര്‍കോവില്‍, എറണാകുളം-തൃശൂര്‍ റൂട്ടുകളിലായിരിക്കും തുടങ്ങുക. റെയില്‍വേയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സുരക്ഷാ സെമിനാറിനുശേഷം മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുറവു മൂലമാണ് ഇവ സര്‍വീസ് നടത്താത്തത്. ആവഡിയില്‍ മെമു ട്രെയിനുകള്‍ വന്നു കിടപ്പുണ്െടന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയും.

കൊല്ലത്തു മെമു ഷെഡ് ഉടന്‍ തുറക്കും. എറണാകുളത്തുനിന്നു കോട്ടയം വഴിയും ആലപ്പുഴ വഴിയും കൊല്ലത്തേക്ക് ഇപ്പോള്‍ രണ്ടു സര്‍വീസുകള്‍ നിലവിലുണ്ട്. ഇവ ആഴ്ചയില്‍ ആറു ദിവസമാണ് ഓടുന്നത്. അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കുമായി പാലക്കാട്ടു കൊണ്ടുപോകേണ്ടി വരുന്നതുമൂലമാണ് ഒരു ദിവസത്തെ സര്‍വീസ് മുടങ്ങുന്നത്. പുതിയ മെമു സര്‍വീസ് വരുന്നതോടെ ഇവയ്ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താനാകും.


ശബരിമല സീസണ്‍ കണക്കിലെടുത്തു ദക്ഷിണ റെയില്‍വേ ചെന്നൈ-കൊല്ലം റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ തുടങ്ങി. 12 ട്രെയിനുകളാണു സര്‍വീസ് നടത്തുന്നത്. ജനുവരി 15 വരെ ഇവ ഓടിക്കും. വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്താനാകുമെന്നു കരുതുന്നു. ലോക്കോ പൈലറ്റുമാര്‍ക്കു കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കും. ഇതിനായി സാങ്കേതികസംവിധാനങ്ങള്‍ പരിഷ്കരിക്കും. കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനവും ഏര്‍പ്പെടുത്തുമെന്നു രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

തിരുവനന്തപുരം ഡിവിഷനു കീഴില്‍ ആളില്ലാത്ത നൂറോളം ലെവല്‍ക്രോസുകള്‍ ഉണ്ട്. ഇവിടെ റെയില്‍വേ ഓവര്‍ബ്രിഡ്ജ്, അണ്ടര്‍പാസ് എന്നിവ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ആരെക്കൊണ്ടും നിര്‍ബന്ധിച്ച് അധികജോലി ചെയ്യിക്കുന്നില്ലെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.