വെല്ലുവിളികളെ ഒന്നിച്ചുനേരിടാന്‍ പ്രോ ഓറിയന്തെ ആഹ്വാനം
Monday, November 19, 2012 11:22 PM IST
ചങ്ങനാശേരി: വളര്‍ന്നുവരുന്ന മതമൌലികവാദത്തെയും മതവിരുദ്ധമായ മതനിരപേക്ഷതയെയും അതിജീവിക്കാന്‍ ക്രൈസ്തവസഭകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രോഓറിയന്തെ എക്യൂമെനിക്കല്‍ ഫൌണ്േടഷന്റെ ആലോചനാസമിതിയുടെ സമ്മേളനം ആഹ്വാനം ചെയ്തു. കഴിഞ്ഞയാഴ്ച ലബനനിലെ ബെയ്റൂട്ടില്‍ നടന്ന സമ്മേളനത്തില്‍ എട്ടു സുറിയാനി സഭകളില്‍നിന്നുള്ള ദൈവശാസ്ത്രജ്ഞര്‍ പങ്കെടുത്തു.

മധ്യപൂര്‍വദേശങ്ങളിലെയും ഇന്ത്യയിലെയും സഭകള്‍ ഈ രണ്ടു വെല്ലുവിളികളെയും ഒന്നിച്ചു നേരിടുന്നവരാണ്. അതുകൊണ്ടുതന്നെ സഭകള്‍ ഒരുമിച്ച് ഈ പ്രതിസന്ധികള്‍ക്കെതിരേ പോരാടേണ്ടതുണ്െടന്നു സമ്മേളനം വ്യക്തമാക്കി.

ഓസ്ട്രിയയിലെ വിയന്ന കേന്ദ്രമാക്കി സഭൈക്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോ ഓറിയന്തെ ക്രൈസ്തവസഭകള്‍ തമ്മിലുള്ള ഔദ്യോഗിക പരസ്യധാരണകള്‍ക്കെല്ലാം ദൈവശാസ്ത്രപരവും സൈദ്ധാന്തികവുമായ പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്.


1964ല്‍ വത്തിക്കാന്‍ കൌണ്‍സിലിന്റെ സഭൈക്യ ദര്‍ശനങ്ങള്‍ പ്രായോഗികമാക്കാന്‍ വിയന്നയിലെ കര്‍ദിനാള്‍ ആയിരുന്ന ഫ്രാന്‍സിസ് കേണിന്റെ നേതൃത്വത്തില്‍ രൂപമെടുത്തതാണ്. ക്രിസ്തുവിജ്ഞാനീയം സംബന്ധിച്ചു കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ സഭകളും തമ്മിലുള്ള പരസ്പര ധാരണകള്‍ക്കു രൂപം നല്‍കിയത് ഈ സമിതിയാണ്. ഇന്ത്യയില്‍നിന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, റവ. ഡോ. ബേബി വര്‍ഗീസ്, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.