മുഖപ്രസംഗം: റോഡുകളില്‍ ചോരച്ചാല്‍
Sunday, December 30, 2012 10:31 PM IST
അതിദാരുണമായ വാഹനാപകടങ്ങളുടെ കഥകളാണു നാം ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം റിക്കാര്‍ഡാണ്. രാത്രിയെന്നില്ല, പകലെന്നില്ല, അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെയും വഴിയാത്രക്കാരുടെയും എണ്ണം പെരുകുകയാണ്. ഇന്നലെ പുലര്‍ച്ചെ നിലമേല്‍ ശാസ്താ ക്ഷേത്രത്തിനു സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു പേരുള്‍പ്പെടെ ഏഴു പേരാണു മരിച്ചത്. ഈ സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് എംസി റോഡില്‍ത്തന്നെ അധികം അകലെയല്ലാതെ കാരേറ്റ് എന്ന സ്ഥലത്തു നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ കാറിടിച്ച് ഇടുക്കി മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച കാഞ്ഞങ്ങാട്ടും കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടിലും തൃപ്രയാറിലുമുണ്ടായ വാഹനാപകടങ്ങളില്‍ ഒമ്പതു മലയാളികളാണു മരിച്ചത്.

റോഡുകളില്‍ വാഹനങ്ങള്‍ പെരുകിയതും അതിന് ആനുപാതികമായി റോഡിന്റെ വീതിയും സൌകര്യങ്ങളും വര്‍ധിക്കാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മദ്യപിച്ചുള്ള വാഹനമോടിക്കലും അപകടങ്ങള്‍ക്കിടയാക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പല അപകടങ്ങളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മദ്യപിക്കാതെയും ശ്രദ്ധയോടെയും വാഹനമോടിക്കുന്നവരും അപകടത്തില്‍പ്പെടുന്നുവെങ്കില്‍, യന്ത്രത്തകരാര്‍ അതിനു കാരണവുമല്ലെങ്കില്‍, എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയും അപകടകരമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്നു വ്യക്തമാണ്.

റോഡ് നിയമങ്ങളോ വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകളോ പാലിക്കാത്തതാണു കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒന്നിനൊന്നു വര്‍ധിക്കുന്നതിനു കാരണമെന്നു പോലീസും ട്രാഫിക് അധികൃതരും പറയുന്നു. നിയമപരമായ നടപടികള്‍ ശക്തമാക്കിയിട്ടും അപകടങ്ങളുടെ തോത് കുറയാത്തത് അധികൃതരെയും അദ്ഭുതപ്പെടുത്തുന്നു. വീതികുറഞ്ഞ റോഡുകളില്‍ മാത്രമല്ല, നാഷണല്‍ ഹൈവേകളിലുള്‍പ്പെടെ വീതിയുള്ള റോഡുകളിലും അപകടങ്ങള്‍ ഏറെയാണ്. വളവുകളും തിരിവുകളുമില്ലാത്ത നല്ല റോഡുകളില്‍പ്പോലും അപകടങ്ങള്‍ ഏറെയാണെങ്കില്‍ റോഡുകളുടെ സ്ഥിതി മാത്രമല്ല അപകടങ്ങള്‍ക്കു കാരണമെന്നു കരുതണം. റോഡ് നല്ലതാണെങ്കില്‍ വാഹനം പറപ്പിക്കാം എന്നു ഡ്രൈവര്‍ തീരുമാനിക്കുന്നതു കൂടുതല്‍ അപകടകരമാകുന്നു.

പ്രമുഖ വാഹനനിര്‍മാതാക്കളുടെയെല്ലാം ഷോറൂമുകള്‍ ഇന്നു നമ്മുടെ നഗരങ്ങളിലുണ്ട്. കാറുകളുടെ വില്പനയില്‍ കേരളത്തിലുണ്ടായിട്ടുള്ള വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. പുതിയ കാറുകള്‍ പലതും 80-100 കിലോമീറ്ററിലേറെ വേഗത്തിലാണ് നമ്മുടെ ഇടുങ്ങിയ പാതകളിലൂടെ കടന്നുപോകുന്നത്. എന്തെങ്കിലും അടിയന്തരാവശ്യത്തിനു പോകുന്നതായിരിക്കില്ല ഈ വാഹനങ്ങളില്‍ പലതും. ടിപ്പറുകളും മറ്റും റോഡില്‍ തിരക്കു കുറഞ്ഞ സമയത്തു പരമാവധി വേഗത്തില്‍ പായാന്‍ തുനിയുന്നത് അപകടം വരുത്തിവയ്ക്കുന്നു. ചുരുക്കത്തില്‍, അമിതവേഗവും ജാഗ്രതക്കുറവും അപകടങ്ങള്‍ക്കു പ്രധാന കാരണമാണ്.


സംസ്ഥാനത്ത് ഈ വര്‍ഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കുമാത്രം പരിശോധിച്ചാല്‍ 241 കാല്‍നടയാത്രക്കാരാണു വാഹനാപകടങ്ങളില്‍ മരിച്ചത്. ഇവരില്‍ 148 പേര്‍ അമ്പതു വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു മുമ്പേ റോഡ് മുറിച്ചുകടക്കാന്‍ സാധിക്കാത്തതാണു പ്രായമായവരെയും മറ്റും അപകടത്തില്‍പ്പെടുത്തുന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവരെ വാഹനങ്ങള്‍ ഇടിച്ചിട്ട സംഭവങ്ങള്‍ എത്രയോ ആണ്! ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുന്നതും മറ്റുള്ളവരെ അപകടത്തില്‍പെടുത്തുന്നതും പലപ്പോഴും അമിതവേഗംമൂലമാണ്. ഓരോ അപകടവുമുണ്ടാകുമ്പോള്‍ അതിന്റെ കാരണങ്ങളെപ്പറ്റി നാം ചര്‍ച്ച നടത്തുന്നു. അടുത്ത ദിവസം അതേ കാരണങ്ങളും അപകടങ്ങളും ആവര്‍ത്തിക്കുന്നു. സീബ്രാലൈനുകളില്‍പ്പോലും അപകടങ്ങള്‍ സാധാരണമാകുന്ന നാട്ടില്‍ എത്രമാത്രം ബോധവത്കരണം നടത്താനാവും? തിരക്കേറിയ നഗരങ്ങളില്‍ കാല്‍നടക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാന്‍ ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍പാസുകളോ നിര്‍മിക്കണം.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി അരലക്ഷം ബൈക്ക് അപകടങ്ങളാണു കേരളത്തില്‍ ഉണ്ടായത്. 2011-ല്‍ 23,637ഉം 2012-ല്‍ 23,057ഉം. ഇരുചക്രവാഹനാപകടത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം മരിച്ചത് 1097 പേരാണ്. ഓട്ടോറിക്ഷകളും അപകടമുണ്ടാക്കുന്നതില്‍ പിന്നോക്കമല്ല. നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ പെട്ടെന്ന് വെട്ടിത്തിരിച്ചു പായുന്ന ഓട്ടോറിക്ഷകള്‍ അപകടമുണ്ടാക്കുകയോ അപകടത്തില്‍പ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ വര്‍ഷം 4556 ഓട്ടോറിക്ഷകളാണ് അപകടത്തില്‍പ്പെട്ടത്. ഈ അപകടങ്ങളില്‍ 276 പേര്‍ മരിക്കുകയും 5377 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തതായി പോലീസ് റിക്കാര്‍ഡുകളില്‍ കാണുന്നു. രജിസ്റര്‍ ചെയ്യപ്പെടാതെ സംഭവസ്ഥലത്തുവച്ചുതന്നെ ഒത്തുതീര്‍പ്പാക്കിപ്പോകുന്ന അപകടങ്ങളുടെ എണ്ണമൊന്നും ഇക്കൂട്ടത്തില്‍ വരില്ല. രണ്ടായിരാമാണ്ടില്‍ കേരളത്തില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 2710 ആയിരുന്നുവെങ്കില്‍ 2011ല്‍ അത് 4145 ആയി. ബ്രിട്ടനിലെ വാഹനാപകടനിരക്ക് ഇതിന്റെ പകുതിയില്‍ താഴെയാണ്. വേഗവും വാഹനപ്പെരുപ്പവും മാത്രമല്ല അപകടകാരണം എന്നാണ് ഇതില്‍നിന്നു മനസിലാക്കേണ്ടത്. കര്‍ശനമായ ട്രാഫിക് നിയമങ്ങളും അതു നടപ്പാക്കുന്നതിലുള്ള കാര്യക്ഷമതയുമൊക്കെ പ്രധാനമാണ്.

മത്സരയോട്ടം നടത്തുന്ന സ്വകാര്യബസുകളും വേണ്ടത്ര അറ്റകുറ്റപ്പണികള്‍ നടത്താതെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുമൊക്കെ വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്കു നിസാരമല്ല. അപകടമേഖലയെന്നു മുന്നറിയിപ്പ് എഴുതിവച്ചിരിക്കുന്നിടത്തുപോലും മര്യാദയ്ക്കു വണ്ടി ഓടിക്കാന്‍ നാം തയാറാകുന്നില്ല. വാഹനാപകടങ്ങള്‍ അഭൂതപൂര്‍വമായി വര്‍ധിക്കുമ്പോഴെങ്കിലും റോഡിലെ അച്ചടക്കത്തെക്കുറിച്ചു നാം സ്വയം ബോധവത്കരിക്കേണ്ടതില്ലേ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.