മെഡിക്കല്‍ പ്രവേശന പരീക്ഷ: മുഹമ്മദ് കമ്മിറ്റി യോഗം നാളെ
കൊച്ചി: കേരളത്തില്‍ മെഡിക്കല്‍ പിജി കോഴ്സുകള്‍ നടത്തുന്ന നാലു കോളജുകള്‍ പ്രവേശന പരീക്ഷയുടെ വിശദാംശങ്ങള്‍ ജസ്റ്റിസ് പി.എം. മുഹമ്മദ് കമ്മിറ്റിയുടെ മുമ്പാകെ സമര്‍പ്പിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് എന്നിവയാണ് വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച വിശദചര്‍ച്ചകള്‍ക്കായി കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും ബന്ധപ്പെട്ട കോളജ് മാനേജ്മെന്റ് പ്രതിനിധികളും കമ്മിറ്റി മുമ്പാകെ നാളെ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.