മുങ്ങില്ല, ബിസിനസ് പുനരാരംഭിക്കും: മദിനേനി
തൃശൂര്‍: മുങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറ്റമുക്തനാണെന്നു കോടതികള്‍ വിധിക്കുന്നതുവരെ കേരളത്തില്‍തന്നെയുണ്ടാകുമെന്നും നാനോ എക്സല്‍ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹരീഷ് ബാബു മദിനേനി.

നിയമവിധേയമായി ബിസിനസ് തുടരുമെന്നും അദ്ദേഹം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 350 കോടി രൂപയുടെ മണിചെയിന്‍, നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള 682 കേസുകളില്‍ പ്രതിയായി ഒന്നരവര്‍ഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞ മദിനേനി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യമെടുത്തു മോചിതനായത്.


കേരളത്തിനു പുറത്തുപോകില്ലെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയില്‍മുക്തനായ താന്‍ രാജ്യം വിട്ടുപോകാനൊരുങ്ങുന്നെന്നു ചിലര്‍ നടത്തുന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് മദിനേനി പറഞ്ഞു.