ഭൂരഹിതര്‍ക്ക് ഉടന്‍ ഭൂമി: മന്ത്രി അടൂര്‍ പ്രകാശ്
ഭൂരഹിതര്‍ക്ക് ഉടന്‍ ഭൂമി: മന്ത്രി അടൂര്‍ പ്രകാശ്
Friday, February 1, 2013 10:50 PM IST
കൊച്ചി: സംസ്ഥാനത്തെ രണ്ടര ലക്ഷം ഭൂരഹിതര്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി നല്‍കാനുള്ള സീറോ ലാന്‍ഡ്ലെസ് പദ്ധതി ഉടനെ പ്രവര്‍ത്തിപഥത്തിലെത്തുമെന്നു റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദ്യഘട്ടമായി ഒരു ലക്ഷം പേര്‍ക്ക് ഓഗസ്റ് 15നകം അനുവദിക്കാനുള്ള ഭൂമി വിവിധ ജില്ലകളിലായി കണ്െടത്തിവരികയാണ്.

ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിലുള്ള പുരോഗതി വിലയിരുത്താനായി രൂപീകരിച്ച ഭൂപരിഷ്കരണ റിവ്യൂ ബോര്‍ഡിന്റെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി. ഭൂമി കണ്െടത്തുന്നതിന്റെ ഭാഗമായി 63 താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും മിച്ചഭൂമി കേസുകളുടെ പുരോഗതി അവലോകനം ചെയ്യാനുമാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന് മന്ത്രി വ്യക്തമാക്കി.

സീറോ ലാന്‍ഡ്ലെസ് പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് 2,33,232 കുടുംബങ്ങളുടെ അപേക്ഷകളാണ്. കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ സൌകര്യം നല്‍കാനായി 15 വരെ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ അപേക്ഷകരുടെ എണ്ണം രണ്ടര ലക്ഷമാകുമെന്നാണു കണക്കുകൂട്ടല്‍. ഇവര്‍ക്ക് നല്‍കാനായി വില്ലേജ് തലത്തില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിച്ചഭൂമിയുടെ വിവരങ്ങള്‍ ക്രോഡീകരിച്ചുവരികയാണ്.

ഈ മാസം അവസാനത്തോടെ ലഭ്യമായ ഭൂമി സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കും. മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ മേഖലകളിലുള്ള മിച്ചഭൂമി, കേസുകള്‍, തീര്‍പ്പാക്കല്‍ തുടങ്ങിയ വിവരങ്ങള്‍ യോഗത്തില്‍ നല്‍കി. തീര്‍പ്പാക്കിയ കേസുകളില്‍ ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ അറിയിക്കാനും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അധ്യക്ഷന്‍മാരോടു നിര്‍ദേശിച്ചിരുന്നു. പരമാവധി കേസുകള്‍ ഫെബ്രുവരി അവസാനത്തോടെ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 1,299 മിച്ചഭൂമി കേസുകളിലായി 6,299.56 ഹെക്ടര്‍ ഭൂമിയാണ് തീരുമാനം കാക്കുന്നതെന്ന് അടൂര്‍ പ്രകാശ് അറിയിച്ചു.


മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ താലൂക്ക് തലത്തിലുണ്ടായിട്ടുള്ള വീഴ്ചകള്‍ സര്‍ക്കാര്‍ പരിശോധിക്കും. കേസുകള്‍ക്കാവശ്യമായ രേഖകള്‍ കൃത്യമായി നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന കേസുകളില്‍ രേഖകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ ഭൂമി വീണ്ടും അന്യാധീനപ്പെടുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മിച്ചഭൂമി കൈയേറിയ പ്രദേശങ്ങളില്‍ റവന്യൂ സംഘം പരിശോധന നടത്തും. കൈയേറ്റക്കാര്‍ സീറോ ലാന്‍ഡ്ലെസ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്േടാ എന്നു കണ്െടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വിവിധ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലായി തീര്‍പ്പാക്കാന്‍ ബാക്കിയുള്ള മിച്ചഭൂമി കേസുകള്‍, ഏറ്റെടുക്കാന്‍ ശേഷിക്കുന്ന മിച്ചഭൂമി, വിതരണത്തിനായി ശേഷിക്കുന്ന മിച്ചഭൂമി, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ വിവിധ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ തീര്‍പ്പാക്കിയ കേസുകളുടെ വിവരങ്ങള്‍ എന്നിവ യോഗത്തില്‍ അവലോകനം ചെയ്തു.

റിവ്യൂ ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. ഷാജി, സ്പെഷല്‍ ഗവണ്‍മെന്റ് പ്ളീഡര്‍ സുശീല ഭട്ട്, എറണാകുളം ജില്ല കളക്ടര്‍ പി.ഐ. ഷേക്ക് പരീത്, എഡിഎം ബി. രാമചന്ദ്രന്‍, ബോര്‍ഡ് അംഗങ്ങളായ പി.കെ. ജ്ഞാനേ ശ്വരന്‍ പിള്ള, കെ.കെ. ഏബ്രഹാം, അഡ്വ. ജോസ് അഗസ്റിന്‍, കെ.കെ. അഹമ്മദ് ഹാജി, കെ.പി. ചന്ദ്രന്‍, നാട്ടകം സുരേഷ്, താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.