സ്റീല്‍ ഫോര്‍ജിംഗ് അഴിമതി: കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നു ബിജെപി
കോഴിക്കോട്: ആയുധ നിര്‍മാണ സാമഗ്രി ഇടപാടുമായി ബന്ധപ്പെട്ട സ്റീല്‍ ഫോര്‍ജിംഗ് കരാര്‍ അഴിമതി കേസ് അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

സ്റ്റീല്‍ഫോര്‍ജിംഗ് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുള്ള ആയുധ നിര്‍മാണ കരാര്‍ അഴിമതി ഗുരുതരമായ സുരക്ഷാവീഴ്ചയാണ്.

ഷാനവാസും ചെയര്‍മാന്‍ ഹംസയും തമ്മിലുള്ള തര്‍ക്കമാണ് അഴിമതിക്കഥ പുറത്തുവരാന്‍ ഇടയാക്കിയത്. തീവ്രവാദ ബന്ധം ആരോപിച്ച് മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് ഹംസ. അങ്ങനെയൊരാള്‍ ചെയര്‍മാനായിരിക്കെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്.


ആയുധക്കരാര്‍ ഇടനിലക്കാരി സുബി മാലയ്ക്ക് അന്തര്‍ദേശീയ ബന്ധങ്ങളുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.