ആദ്യ വിധിയുണ്ടായത് കോട്ടയം കോടതിയില്‍നിന്ന്
Friday, February 1, 2013 11:15 PM IST
കോട്ടയം: പീഡനക്കേസ് കൈകാര്യം ചെയ്യാന്‍ കോട്ടയത്തു പ്രത്യേകമായി സ്ഥാപിച്ച കോടതിയില്‍ ആദ്യമായി വിചാരണ നടന്ന കേസാണു സൂര്യനെല്ലി പീഡനക്കേസ്. അടച്ചിട്ട മുറിയിലായിരുന്നു വിചാരണ. പ്രധാന പ്രതിയും സൂത്രധാരനുമായ അഡ്വ. എ.എസ്. ധര്‍മരാജന്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളിലൊരാളായ കോട്ടയം സ്വദേശി റെജി (41) അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെ ജീവനൊടുക്കി. മറ്റൊരു പ്രതിയായ എലൈറ്റ് ദേവസി കേസിന്റെ തുടക്കം മുതല്‍ ഒളിവിലാണ്.

1996 ജനുവരി 16 മുതല്‍ ഫെബ്രുവരി 26 വരെ കോട്ടയം, എറണാകുളം, കുമളി, പാലക്കാട്, വാണിമേല്‍, കമ്പം, തേനി, കന്യാകുമാരി, തിരുവനന്തപുരം, കുറവിലങ്ങാട്, ആലുവ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചു പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ പീഡിപ്പിച്ചിട്ടുണ്െടന്നാണ് ആരോപണം.

1998 നവംബര്‍ 18-ന് ആരംഭിച്ച വിചാരണ 2000 ഓഗസ്റ് 18-നാണു പൂര്‍ത്തിയായത്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, രഹസ്യമായി പാര്‍പ്പിക്കല്‍, വേശ്യാവൃത്തിക്ക് വില്‍ക്കല്‍, പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. 2000 സെപ്റ്റംബര്‍ ആറിനാണ് ജഡ്ജി എം. ശശിധരന്‍ നമ്പ്യാര്‍ 35 പ്രതികളും കുറ്റക്കാരാണെന്നു വിധിച്ചത്.


366 പേജുള്ള വിധിന്യായം ചില പ്രതികള്‍ക്ക് 13 വര്‍ഷം വരെ കഠിനതടവും ആകെ 4.35 ലക്ഷം രൂപ പിഴയും വിധിച്ചുകൊണ്ടുള്ളതായിരുന്നു. പെണ്‍കുട്ടി തിരിച്ചറിയാതിരുന്ന നാലുപേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

കേസ് ഹൈക്കോടതിയിലെത്തിയതോടെ 2005 ജനുവരിയിലുണ്ടായ വിധിയില്‍ ധര്‍മരാജന്‍ ഒഴികെ എല്ലാ പ്രതികളെയും വെറുതെവിട്ടു. ഇയാള്‍ക്ക് അഞ്ചുവര്‍ഷം വീതം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു.

ജാമ്യത്തിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍ കര്‍ണാടകത്തിലെ സൌത്ത് കാനറയില്‍ കരിങ്കല്‍ പണി ചെയ്ത് ഒളിവില്‍ കഴിയുമ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് അവിടെയെത്തി അറസ്റ്റുചെയ്തു. പിന്നീടും ജാമ്യത്തില്‍ മുങ്ങിയ ഇയാളെക്കുറിച്ചു വിവരമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.