പി.ജെ. കുര്യനെക്കുറിച്ചും അന്വേഷിക്കണം: ശൈലജ
കണ്ണൂര്‍: സൂര്യനെല്ലിക്കേസിലെ ഹൈക്കോടതി വിധി പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെതിരേയുള്ള ആരോപണംകൂടി പരിശോധിക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നു മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ. സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത കേസ് ഗൌരവമായി എടുക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയില്‍നിന്നു പ്രതികള്‍ക്കനുകൂലമായ വിധി ഉണ്ടായതെന്നും പത്രസമ്മേളനത്തില്‍ കെ.കെ. ശൈലജ കുറ്റപ്പെടുത്തി. 34 പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കിയതു സ്വാഗതാര്‍ഹമാണ്.


എട്ടുവര്‍ഷം വൈകിയാണെങ്കിലും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍നിന്നു നല്ല പരിഗണനയാണ് ഈ കേസിനു ലഭിച്ചത്. ചില സംഭവങ്ങളില്‍ കോടതികള്‍ പോലും പെണ്‍കുട്ടികളുടെ മാനം കാക്കാന്‍ തയാറാകുന്നില്ല. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നു എന്ന ഹൈക്കോടതിയുടെ പരാമര്‍ശം വേദനിപ്പിക്കുന്നതാണ്. ഉപദ്രവിക്കപ്പെടുന്ന ഇരകള്‍ക്കനുകൂലമായിരിക്കണം വിധികളെന്നും ശൈലജ പറഞ്ഞു.