മലബാര്‍ സിമന്റ്സ്: പി.സി. ജോര്‍ജ് ഉപഹര്‍ജി നല്‍കി
കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്െടത്തിയ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്കു വിടണമെന്നാണ് ആവശ്യം.

നിയമസഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയില്‍ വിജിലന്‍സ് കേസ് സിബിഐക്കു കൈമാറുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് കൈമാറാന്‍ സമ്മതമാണെന്ന് നിയമസഭയില്‍ നല്‍കിയ മറുപടി കോടതിയെ അറിയിക്കാന്‍ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ തയാറായില്ലെന്ന് ജോര്‍ജ് ഉപഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. വേലായുധന്‍ മാസ്റര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.