കൈക്കൂലി: സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പിടിയില്‍
കൊച്ചി: ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടറെ സിബിഐ അറസ്റ്റു ചെയ്തു. എറണാകുളം സെന്‍ട്രല്‍ എക്സൈസ് (സര്‍വീസ് ടാക്സ്) ഓഫീസിലെ ഇന്‍സ്പെക്ടര്‍ ചാലക്കുടി സ്വദേശി ആന്റണി ജോര്‍ജ് ആണ് പിടിയിലായത്. നികുതി കുടിശിക വരുത്തി എന്നതിന് കൊച്ചിയിലെ പരസ്യ ഏജന്‍സിയുടെമേല്‍ ചുമത്തിയ 3.75 ലക്ഷം രൂപയുടെ പിഴ ഒഴിവാക്കാമെന്നു വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ടതായി ഏജന്‍സി ഉടമ പി.എ. നസീബ് സിബിഐയെ അറിയിച്ചു. സിബിഐ നിര്‍ദേശപ്രകാരം അവര്‍ നല്‍കിയ നോട്ടുകള്‍ സര്‍വീസ് ടാക്സ് ഇന്‍സ്പെക്ടര്‍ക്കു കൈമാറി. തുടര്‍ന്നാണ് അറസ്റുണ്ടായത്.


പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിയും പ്രതിയുടെ ചാലക്കുടിയിലെ വീട്ടിലും കൊച്ചിയിലെ ഓഫീസിലും കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി സിബിഐ പരിശോധന നടത്തി.