റോഡ് നിര്‍മിക്കാന്‍ ഭൂമി കൊടുത്തു; കിടപ്പാടമില്ലാതെ വിധവ ദുരിതത്തില്‍
റോഡ് നിര്‍മിക്കാന്‍ ഭൂമി കൊടുത്തു; കിടപ്പാടമില്ലാതെ വിധവ ദുരിതത്തില്‍
Monday, September 15, 2014 12:24 AM IST
എടത്വ: റോഡ് നിര്‍മാണത്തിനു വിധവയായ വീട്ടമ്മ ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തുനിന്നു മൂന്നുസെന്റ് വിട്ടുനല്‍കിയതോടെ കിടപ്പാടമില്ലാതെ വിഷമിക്കുന്നു. സ്വന്തം പേരില്‍ മൂന്നുസെന്റ് ഭൂമിയില്ലാത്തതിന്റെ പേരിലാണ് അവര്‍ക്കു കിടപ്പാടം നിര്‍മിക്കാന്‍ കഴിയാത്തത്.

വീയപുരം പഞ്ചായത്ത് പായിപ്പാട് ചക്കോലില്‍ പടീറ്റതില്‍ ശ്യാമളയാണ് ദുരിതത്തിലായത്. സ്വന്തം പേരിലുള്ള ബാക്കിവന്ന സ്ഥലത്തു നിര്‍മിച്ച ഷെഡില്‍ മതിയായ സംരക്ഷണമില്ലാത്തതിനാല്‍ ഡിഗ്രിക്ക് പഠിക്കുന്ന മകളുമൊത്ത് വര്‍ഷങ്ങളായി അന്തിയുറങ്ങുന്നത് അകലെയുള്ള ബന്ധുവീട്ടിലാണ്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിക്കു സര്‍ക്കാര്‍ നല്‍കിയത് ഒരു ലക്ഷം രൂപ മാത്രമാണ്. വീട് നിര്‍മാണത്തിനായി രണ്ടു ലക്ഷം രൂപ പഞ്ചായത്തില്‍ നിന്ന് ഈ കുടുംബത്തിന് അനുവദിച്ചിട്ടുണ്െടങ്കിലും നിര്‍മാണം നടത്താന്‍ കഴിയുന്നില്ല. പഞ്ചായത്ത് തുക നല്‍കണമെങ്കില്‍ ചുരുങ്ങിയത് മൂന്നു സെന്റ് ഭൂമി സ്വന്തം പേരിലും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കരമടച്ച രസീതും വേണം. എന്നാല്‍ ഇതില്ലാത്തതിനാല്‍ കെട്ടുറപ്പുള്ള വീട് എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. സ്വന്തമായുള്ള ഭൂമിയോട് ചേര്‍ന്ന് റവന്യൂ വക പുറംപോക്കു ഭൂമി കിടപ്പുണ്ട്. ഇതില്‍ നിന്നും രണ്ടു സെന്റ് പതിച്ചുതരുന്നതിനു മുട്ടാത്ത വാതിലുകളില്ല. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനുള്ള അനുമതി മാത്രമായിരുന്നു.


ആറു വര്‍ഷം മുമ്പാണു ശ്യാമളയുടെ ഭര്‍ത്താവ് മരിച്ചത്. തൊഴിലുറപ്പു ജോലികളില്‍ ഏര്‍പ്പെട്ടാണു കുടുബം പോറ്റുന്നത്. മക്കളായ അഖിദയും അമല്‍ദേവും അടങ്ങുന്നതാണ് ശ്യാമളയുടെ കുടുംബം. സ്വന്തമായി കിടപ്പാടം നിര്‍മിക്കുന്നതിന് സ്വന്തം ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന പുതുവലില്‍ നിന്നും രണ്ടുസെന്റ് ലഭിക്കുന്നതിന് കനിവു തേടുകയാണ് ഈ കുടുംബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.