ആദ്യ ഹജ്ജ് സംഘത്തിനു യാത്രയയപ്പ്
ആദ്യ ഹജ്ജ് സംഘത്തിനു യാത്രയയപ്പ്
Monday, September 15, 2014 12:11 AM IST
കരിപ്പൂര്‍: പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി മക്കയിലേക്കു തിരിച്ച ആദ്യ ഹജ്ജ് സംഘത്തിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്നേഹോഷ്മള യാത്രയയപ്പ്. 164 പുരുഷന്‍മാരും 184 സ്ത്രീകളും രണ്ട് വോളണ്ടിയര്‍മാരുമുള്‍പ്പെടെ 350 തീര്‍ഥാടകരുമായാണു സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍നിന്നു വൈകുന്നേരം 4.30 ഓടെ ജിദ്ദയിലേക്കു പറന്നുയര്‍ന്നത്. സൌദി സമയം രാത്രി 7.30ഓടെ വിമാനം ജിദ്ദയിലെത്തിയതായി പിന്നീടു വിവരം ലഭിച്ചു.

ശനിയാഴ്ച വൈകുന്നേരവും ഇന്നലെ രാവിലെയുമായി എത്തിയ ഹജ്ജ് തീര്‍ഥാടകര്‍ ലഗേജുകള്‍ വിമാനക്കമ്പനികള്‍ക്കു നല്‍കി പാസ്പോര്‍ട്ട്, തിരിച്ചറിയാനുള്ള കൈച്ചങ്ങല, തിരിച്ചറിയല്‍ കാര്‍ഡ്, സിംകാര്‍ഡ്, ചെലവഴിക്കാനുള്ള സൌദി റിയാല്‍, മുത്തവഫിന്റെ ബസ്ടിക്കറ്റ്, എടിഎം കാര്‍ഡ് തുടങ്ങിയവ ഹജ്ജ് സെല്ലില്‍നിന്നു കൈപ്പറ്റിയതിനു ശേഷം ഇഹ്റാമില്‍ പ്രവേശിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജിനു മക്കയിലേക്കു പോകുന്ന തീര്‍ഥാടകര്‍ ജന്മനാടിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓരോ വര്‍ഷവും തീര്‍ഥാടകര്‍ക്കു സുഖകരമായ രീതിയില്‍ ഹജ്ജ് ക്യാമ്പുകള്‍ പരിവര്‍ത്തനം ചെയ്യുന്നുണ്ട്. ഹജ്ജ് വേളയില്‍ എല്ലാവരും ക്ഷമ കൈവരിക്കണമെന്നും ഹജ്ജെന്നാല്‍ ആത്മസമര്‍പ്പണമാണെന്ന ബോധം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാന ഹജ്ജ് കാര്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ത്യാഗത്തിന്റെ ഭൂമിയിലേക്കു പുണ്യയാത്ര തിരിക്കുന്ന തീര്‍ഥാടകര്‍ക്ക് പരിപൂര്‍ണമായ രീതിയില്‍ ഹജ്ജ് ഉള്‍ക്കൊള്ളാന്‍ കഴിയട്ടെയെന്നു മന്ത്രി എ.പി.അനില്‍കുമാര്‍ ആശംസിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ സി.പി.മൂഹമ്മദ്, കെ.മുഹമ്മദുണ്ണിഹാജി, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.വീരാന്‍കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, കടക്കല്‍ അബ്ദുള്‍ അസീസ് മൌലവി എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാര്‍ സ്വാഗതവും തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൌലവി നന്ദിയും പറഞ്ഞു. കെ.പി.എ. മജീദ്, ഖമറുന്നീസ അന്‍വര്‍, പി.വി. മൂഹമ്മദ് അരീക്കോട്, എ.കെ. അബ്ദുറഹ്മാന്‍, എം. അബൂബക്കര്‍ ഹാജി, എ.അബ്ദുള്‍കരിം, അഹമ്മദ് മൂപ്പന്‍, മോയുട്ടി മൌലവി, അബൂബക്കര്‍ കാസര്‍ഗോഡ്, മുഹമ്മദ്മോന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രാര്‍ഥനയ്ക്കു സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചയോടെയാണു തീര്‍ഥാടകരെ ഹജ്ജ് ക്യാംപില്‍നിന്നു ബസില്‍ കരിപ്പൂര്‍ ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ടുപോയത്. എമിഗ്രേഷന്‍, കസ്റംസ,് സുരക്ഷാപരിശോധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകരെ വിമാനത്തില്‍ കയറ്റി. ലബ്ബൈക്കയുടെ മന്ത്രം ഉരുവിട്ട് വൈകുന്നേരം 4.15ഓടെ മന്ത്രി ഡോ.എം.കെ. മുനീര്‍ ആദ്യവിമാനം ഫ്ളാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍, എംഎല്‍എമാരായ കെ. മുഹമ്മദുണ്ണിഹാജി, സി. മമ്മുട്ടി, അഡ്വ.എം.ഉമ്മര്‍, അബ്ദുറഹമാന്‍ രണ്ടത്താണി, ഹജ്ജ് കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു 56,111 ഹജ്ജ് അപേക്ഷകളാണു ലഭിച്ചത്. ഇവരില്‍ 6,522 പേര്‍ക്കു മാത്രമാണ് ഇതുവരെ അവസരം ലഭിച്ചത്. തീര്‍ഥാടകരില്‍ 2,135 പേര്‍ 70 വയസിന് മുകളിലുള്ളവരും 4,387 പേര്‍ തുടര്‍ച്ചയായി നാലാം വര്‍ഷക്കാരായ അപേക്ഷകരുമാണ്. സൌദി അറേബ്യന്‍ എയര്‍ലൈന്‍സ് 28 വരെ 19 വിമാനസര്‍വീസുകളാണു ഹജ്ജിനായി ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കേരളത്തിനു പുറമെ ലക്ഷദ്വീപില്‍നിന്ന് 298 പേരും മാഹിയില്‍നിന്ന് 33 പേരും സംസ്ഥാന ഹജ്ജ് ക്യാംപ് മുഖേന കരിപ്പൂര്‍ വഴിയാണു ഹജ്ജിനു പുറപ്പെടുന്നത്. ഹാജിമാരുടെ മടക്കയാത്ര മദീനയില്‍നിന്ന് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്നു വരെയാണ്. ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഇന്ന് ഒരു വിമാനവും നാളെ രണ്ട് വിമാനവും തീര്‍ഥാടകരുമായി കരിപ്പൂരില്‍നിന്നു പുറപ്പെടും.

ഹജ്ജ്: നാളെ രണ്ടു വിമാനങ്ങള്‍

കൊണ്േടാട്ടി: സൌദി എയര്‍ലൈന്‍സിന്റെ ഹജ്ജ് വിമാനം എസ്വി 5123 ഇന്നു വൈകിട്ടു 4.35ന് പുറപ്പെടും. 350 തീര്‍ഥാടകരാണു വിമാനത്തിലുണ്ടാവുക. നാളെ രണ്ടു വിമാനങ്ങള്‍ സര്‍വീസ് നടത്തും. 12.05നും 4.35നുമാണ് വിമാനങ്ങള്‍ കരിപ്പൂരില്‍നിന്നു പുറപ്പെടുക. 700 പേര്‍ യാത്രയാകും. ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തുന്ന ഹാജിമാര്‍ക്കു വിതരണം ചെയ്യാനുള്ള സംസം പുണ്യതീര്‍ഥം ഇത്തവണ നേരത്തെ കരിപ്പൂരിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനു വേണ്ടി ചാര്‍ട്ടര്‍ ചെയ്ത, ജിദ്ദയില്‍നിന്നുള്ള സൌദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് 6,550 ഹാജിമാര്‍ക്കുള്ള സംസം എത്തിച്ചത്.

ഇത്തവണ അഞ്ചു ലിറ്റര്‍ സംസമാണ് ഹാജിമാര്‍ക്കു വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം വരെയിത് 10 ലിറ്റര്‍ ആയിരുന്നു. തീര്‍ഥാടകരുടെ എണ്ണവും അളവും കുറവായതിനാല്‍ ഒരുവിമാനത്തില്‍ തന്നെ സംസം കൊണ്ടുവരാനായി. വിമാനത്താവളത്തില്‍ സൂക്ഷിച്ച സംസം, മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവിടെവച്ചുതന്നെ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.