ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ ജീവകാരുണ്യത്തിലൂടെ സമൂഹത്തില്‍ പ്രകാശം പരത്തണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ ജീവകാരുണ്യത്തിലൂടെ സമൂഹത്തില്‍ പ്രകാശം പരത്തണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Tuesday, September 16, 2014 12:08 AM IST
കൊച്ചി: ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ ജീവകാരുണ്യ പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെയും കേരള സര്‍വീസ് ടീമിന്റെയും (കെഎസ്ടി) സംയുക്താഭിമുഖ്യത്തില്‍ കളമശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന കരിസ്മാറ്റിക് ശുശ്രൂഷകരുടെ കൊയ്നോനിയ 2014 എന്ന അഖില കേരള സംഗമത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും വിശ്വാസിസമൂഹം വലിയ പ്രതിസന്ധി നേരിടുകയാണ്. ഇറാക്കിലും സിറിയയിലും വിശ്വാസത്തെപ്രതി ജീവന്‍ ത്യജിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്. നമ്മുടെ പ്രാര്‍ഥനകളില്‍ അവരെയും അനുസ്മരിക്കണം. ലോകസമാധാനം എല്ലാവരുടെയും ലക്ഷ്യമാകണം.


നമ്മെ ശക്തനാക്കുന്ന ദൈവത്തിലൂടെ എല്ലാം ചെയ്യാന്‍ നമുക്കു കഴിയുമെന്നു വിശ്വസിക്കാനായാല്‍ ആധുനിക ജീവിതം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനാവും. വിവാഹം കുടുംബത്തിനുവേണ്ടിയുള്ള ദൈവിക സംവിധാനമാണ്. വിവാഹത്തിലെ ദൈവികചൈതന്യം തിരിച്ചറിയാനായാല്‍ കുടുംബപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. സമാപനദിനത്തില്‍ കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ദിവ്യബലിയര്‍പ്പിച്ചു. നാലു ദിവസത്തെ സമ്മേളനത്തില്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ നേതൃത്വത്തിലുള്ള രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.