ലോക സുറിയാനി സമ്മേളന പ്രതിനിധികള്‍ക്കു പുത്തന്‍കുരിശില്‍ സ്വീകരണം
Tuesday, September 16, 2014 12:17 AM IST
കോട്ടയം: സീരിയില്‍ നടക്കുന്ന എട്ടാമത് ലോക സുറിയാനി സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികള്‍ക്കും സുറിയാനി ഭാഷാ പണ്ഡിതര്‍ക്കും ഇന്നലെ വൈകിട്ട് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശിലുള്ള സഭാകേന്ദ്രത്തില്‍ സ്വീകരണം നല്‍കി. പശ്ചിമേഷ്യയില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയും നടന്നു.

കേരളത്തിലെ പുരാതന സുറിയാനി കൈയെഴുത്തുപ്രതികളും ഗ്രന്ഥങ്ങളും ശിലാലിഖിതങ്ങളും നേരില്‍ക്കണ്ടു പഠനവിഷയമാക്കാനായി സമ്മേളന പ്രതിനിധികള്‍ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി, കാപ്പുന്തല ബെത് അപ്രേം നസ്രാണി ദയറ, കടുത്തുരുത്തി മര്‍ത്ത്മറിയം പള്ളി, മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി, തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളി, കടമറ്റം പള്ളി, പള്ളിക്കര പള്ളി, പാമ്പാക്കുട കോനാട്ട് ഗ്രന്ഥശേഖരം, ഉദയഗിരി സെമിനാരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.


പശ്ചിമേഷ്യയിലും മധ്യപൂര്‍വേഷ്യയിലും സഭകള്‍ ക്ഷയിക്കാനുണ്ടായ പ്രധാന കാരണം സഭകളിലുണ്ടായ ഭിന്നതകളാണെന്നും ചരിത്രത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ഭിന്നതകള്‍ വെടിഞ്ഞു കേരളത്തിലെ സുറിയാനി പാരമ്പര്യമുള്ള സഭകള്‍ ഐക്യത്തിന്റെ മേഖലകള്‍ കണ്െടത്തണമെന്നും ക്രൈസ്തവ ലോകത്തിന്റെ മുഴുവന്‍ സമ്പത്തായ സുറിയാനി പൈതൃകത്തെ കാത്തുസംരക്ഷിക്കാന്‍ മുന്നോട്ടുവരണമെന്നും സമ്മേളന പ്രതിനിധികള്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്യ്രത്തെയും മതസൌഹാര്‍ദത്തെയും അവര്‍ ശ്ളാഘിച്ചു. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാധാന്യം പ്രയോജനപ്പെടുത്തി പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.