കുട്ടനാട് പാക്കേജ്: പ്രോസ്പരിറ്റി കൌണ്‍സില്‍ കൂടുമെന്നു മുഖ്യമന്ത്രി
കുട്ടനാട് പാക്കേജ്: പ്രോസ്പരിറ്റി കൌണ്‍സില്‍ കൂടുമെന്നു മുഖ്യമന്ത്രി
Wednesday, September 17, 2014 12:27 AM IST
ചേര്‍ത്തല: കുട്ടനാട് പാക്കേജിന്റെ തുടര്‍ നടപടികള്‍ക്കായി അടിയന്തരമായി പ്രോസ്പരിറ്റി കൌണ്‍സില്‍ വിളിച്ചു കൂട്ടുമെന്നും ജനപ്രതിനിധികളുടെയും സാങ്കേതിക വിദഗ്ധരുടെയും അഭിപ്രായംകേട്ട് പ്രായോഗിക സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജ് അനുവദിച്ചത് അഞ്ചു കൊല്ലത്തേക്കാണ്. കാലാവധി കഴിഞ്ഞതിനാല്‍ നീട്ടി തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രകൃഷി മന്ത്രി അറിയിച്ചിട്ടുമുണ്ട്. നവംബര്‍ ആറിന് അദ്ദേഹം കുട്ടനാട് സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവധി നീട്ടികിട്ടുന്നത് കൂടാതെ പുതിയ പ്രോജക്ടുകള്‍ക്ക് അംഗീകാരം കിട്ടുവാനും ശ്രമിക്കുന്നുണ്ട്. കുട്ടനാട് പാക്കേജിനു അനുവദിച്ച തുക ലാപ്സായി പോകില്ലെന്നും മന്ത്രി പറഞ്ഞു. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 181 കോടി രൂപയാണ് അടങ്കല്‍ തുക. നിലവിലുള്ള 62 ഷട്ടറുകള്‍ മാറ്റി പകരം 74 കോടി രൂപ ചെലവില്‍ സ്റെയിന്‍ലെസ് സ്റീല്‍ ഷട്ടറുകളും സ്ഥാപിക്കും. തണ്ണീര്‍മുക്കം ശ്രീ ചാലിനാരായണപുരം ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ ജലവിഭവമന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, എംഎല്‍എമാരായ പി. തിലോത്തമന്‍, കെ. അജിത്ത്, എ.എം. ആരിഫ്, മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, ചീഫ് എന്‍ജിനീയര്‍ കെ.ആര്‍. വേണുഗോപാല പൈ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മാവതിയമ്മ, ചേര്‍ത്തല നഗരസഭാധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍, മുന്‍ എംഎല്‍എ എ.എ. ഷൂക്കൂര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.