വിശുദ്ധപദവി പ്രഖ്യാപനം: കെസിബിസി പൊതു സര്‍ക്കുലര്‍ പുറത്തിറക്കും
Wednesday, September 17, 2014 12:32 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പൊതുസര്‍ക്കുലര്‍ പുറത്തിറക്കും. സന്യസ്ത വര്‍ഷാചരണത്തോടനുബന്ധിച്ചു വിപുലമായ കര്‍മപരിപാടികള്‍ ആവിഷ്കരിക്കാനും ഇന്നലെ പിഒസിയില്‍ ചേര്‍ന്ന കെസിബിസി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.

കേരളസഭയ്ക്കു രണ്ടു വിശുദ്ധരെ ഒരുമിച്ചു ലഭിക്കുന്നതു സഭയ്ക്കെന്നപോലെ പൊതുസമൂഹത്തിനും അനുഗ്രഹദായകമാണെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരള സഭയുടെ പൊതുആഘോഷം കൂടിയാണു നാമകരണ നടപടികള്‍. നവംബര്‍ 23നു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന വിശുദ്ധപദവി പ്രഖ്യാപനത്തിലും പിറ്റേന്ന് അവിടെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയിലും കേരളത്തില്‍നിന്നുള്ള മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും. ചടങ്ങുകളില്‍ പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെടും. കൃതജ്ഞതാബലിയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭാരതത്തില്‍നിന്നുള്ള സംഘത്തെ ആശീര്‍വദിക്കാനെത്തുമെന്നാണു പ്രതീക്ഷ.


നവംബര്‍ 29നു കാക്കനാട് രാജഗിരി കാമ്പസില്‍ നടക്കുന്ന കൃതജ്ഞതാബലിയും സമ്മേളനവും മറ്റു പരിപാടികളും കേരളസഭയുടെ പൊതു ആഘോഷമാക്കി മാറ്റേണ്ടതുണ്ട്. കേരളത്തിലെ എല്ലാ കത്തോലിക്ക ഇടവകകളിലേക്കും അയയ്ക്കുന്ന സര്‍ക്കുലറില്‍ ഇക്കാര്യം സൂചിപ്പിക്കും.

ചാവറയച്ചന്‍ ജനിച്ച, ജീവിച്ച, മരിച്ച് അടക്കപ്പെട്ട, ഇപ്പോള്‍ കബറിടം സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെല്ലാം കേരളസഭയെ സംബന്ധിച്ചു പരിപാവനമാണ്. അവയെല്ലാം സംരക്ഷിക്കപ്പെടണം.

2015-16ലെ സന്യസ്തവര്‍ഷാചരണത്തിന്റെ പരിപാടികള്‍ക്കു ഡിസംബറില്‍ നടക്കുന്ന കെസിബിസി സമ്മേളനം രൂപംനല്‍കും. വിശുദ്ധപദവി പ്രഖ്യാപനത്തിന്റെയും സന്യസ്ത വര്‍ഷാചരണത്തിന്റെയും ഗുണപരമായ പ്രചോദനം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സിഎംഐ സഭാ ജനറല്‍ കൌണ്‍സിലര്‍ റവ. ഡോ. ജോര്‍ജ് താഞ്ചന്‍, വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.