വൈദികനു നേരേ ആക്രമണം: ചങ്ങനാശേരിയില്‍ പ്രതിഷേധമിരമ്പി
വൈദികനു നേരേ ആക്രമണം: ചങ്ങനാശേരിയില്‍  പ്രതിഷേധമിരമ്പി
Wednesday, September 17, 2014 12:35 AM IST
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളി അസിസ്റന്റ്വികാരി ഫാ. ടോം കൊറ്റത്തിലിനെ സാമൂഹ്യവിരുദ്ധസംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചു പൌരാവലി നടത്തിയ റാലിയിലും സമ്മേളനത്തിലും പ്രതിഷേധമിരമ്പി. വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നിന്നാരംഭിച്ച റാലി ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലി കുരിശുംമൂട് കവലയിലെത്തി തിരികെ മടുക്കംമൂട് ജംഗ്ഷനില്‍ സമാപിച്ചു. വൈദികര്‍, സന്യാസിനികള്‍, വിവിധ ഭക്തസംഘടനാ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ റാലിയിലും സമ്മേളനത്തിലും അണിനിരന്നു.

മതസൌഹാര്‍ത്തിനും സമാധാനജീവിതത്തിനും പേരുകേട്ട ചങ്ങനാശേരിയില്‍ വൈദികനെ ആക്രമിച്ച സംഭവത്തെ റാലിയും സമ്മേളനവും കടുത്ത ഭാഷയില്‍ അപലപിച്ചു. ചങ്ങനാശേരിയുടെ സമാധാനം തകര്‍ക്കുന്ന അക്രമികളെ വച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന താക്കീതും സമ്മേളനത്തില്‍ ഉയര്‍ന്നു.

സി.എഫ്. തോമസ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇതിനു സര്‍ക്കാരും ആഭ്യന്തരവകുപ്പും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്െടന്നും എംഎല്‍എ പറഞ്ഞു.

അതിരൂപതാ വികാരി ജെനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ സമാധാന ജീവിതത്തിനു ദോഷകരമായി പ്രവര്‍ത്തിക്കുന്ന ശിഥില ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്നും ഇത്തരം സാമൂഹ്യവിരദ്ധ ശക്തികളെ സംരക്ഷിക്കുന്നവരെ തിരിച്ചറിയണമെന്നും വികാരിജനറാള്‍ അഭിപ്രായപ്പെട്ടു. വെരൂര്‍പള്ളി വികാരി ഫാ. ഗ്രിഗറി നടുവിലേടം, മടുക്കംമൂട് ജുമാമസ്ജിദ് ഇമാം വി.എച്ച്. മുഹമ്മദ് ഷാ, നീലകണ്ഠന്‍ നമ്പൂതിരി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വി.ജെ. ലാലി, എ.വി. റസല്‍, എം.ബി. രാജഗോപാല്‍, അഡ്വ. ജോബ് മൈക്കിള്‍, സാജന്‍ ഫ്രാന്‍സിസ്, ഡോ. ബീനാ ജോര്‍ജ്, അഡ്വ. ജോസഫ് ഫിലിപ്പ്, പി.എം. ഷെഫിക്ക്, ബിനു മൂലയില്‍, മോട്ടി മുല്ലശേരി, ബോബന്‍ കോയിപ്പള്ളി, ചെറിയാന്‍ നെല്ലുവേലി, കെ.പി. മാത്യു, ആന്റിച്ചന്‍ കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

മോണ്‍. ജയിംസ് പാലയ്ക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. തോമസ് തുമ്പയില്‍, ഫാ. ഗ്രിഗറി നടുവിലേടം, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജോസഫ് തൂമ്പുങ്കല്‍, ഫാ. ആന്റണി എത്തക്കാട്ട്, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. മാത്യു അഞ്ചുപങ്കില്‍, പ്രഫ.ജെ.സി. മാടപ്പാട്ട്, ലാലി ഇളപ്പുങ്കല്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, സിബിച്ചന്‍ പ്ളാമ്മൂട്ടില്‍, ബാബു വള്ളപ്പുര, ലാലിച്ചന്‍ മറ്റത്തില്‍, ബാബു ആലപ്പുറത്തുകാട്ടില്‍, തങ്കച്ചന്‍ കരുവേലിത്തറ, കെ.പി. മാത്യു, ചെറിയാന്‍ നെല്ലുവേലി, ജോബി കണ്ണംപള്ളി, ജോസുകുട്ടി കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍, പി.സി. കുഞ്ഞപ്പന്‍, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.


വൈദികനു മര്‍ദനമേല്‍ക്കുന്ന തിനു തൊട്ടുമുമ്പ് മടുക്കുംമൂട് ജംഗ്ഷനില്‍ മറ്റൊരു സംഘട്ടനം നടന്നിരുന്നുവെന്നും ഇതില്‍ പരിക്കേറ്റവര്‍ വൈദികനെ മര്‍ദിച്ച കേസിലെ പ്രതികളുടെ ബന്ധുക്ക ളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വെരൂര്‍ പള്ളിയിലെ വൈദികനാണെന്നു പറഞ്ഞിട്ടും അവര്‍ ക്രൂരമായി മര്‍ദിച്ചു

ചങ്ങനാശേരി: "ബൈക്കില്‍ പിന്തുടര്‍ന്ന മൂന്നംഗ സംഘം എന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി, സംഘത്തിലെ ഒരാള്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി എന്റെ ബൈക്കില്‍ ആഞ്ഞുചവിട്ടി. ബൈക്കുമായി ഞാന്‍ മറിഞ്ഞു റോഡില്‍ വീണു.

നിലത്തുവീണ എന്റെ വയറിലും നെഞ്ചത്തും സംഘത്തിലെ ഒരാള്‍ ചവിട്ടി. വീഴ്ചയുടെ ആഘാതത്തില്‍ എന്റെ തലയില്‍നിന്നു തെറിച്ചുവീണ ഹെല്‍മറ്റ് എടുത്തുകൊണ്ടുവന്ന് ഒരാള്‍ എന്റെ മുഖത്തും തലയ്ക്കുമടിച്ചു''- മടുക്കുംമൂട്ടില്‍ അക്രമിസംഘത്തിന്റെ കൊടിയ മര്‍ദനമേറ്റു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ കഴിയുന്ന വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തില്‍ ദീപികയോടു പറഞ്ഞു.

"വേദനയില്‍ പുളഞ്ഞ് ഞാന്‍ പറഞ്ഞു; എന്നെ എന്തിനാണു തല്ലുന്നത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്തില്ലല്ലോ. ഞാന്‍ വെരൂര്‍ പള്ളിയിലെ കൊച്ചച്ചനാണ്. ഇതൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ല. ബൈക്കിനിടയില്‍ കുടുങ്ങിക്കിടന്ന ഞാന്‍ ഒരുതരത്തില്‍ എഴുന്നേറ്റു. അവര്‍ വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഞാന്‍ ഓടി സിഎന്‍കെ ആശുപത്രിയുടെ മതിലിനുള്ളിലേക്കു കയറി രക്ഷപ്പെട്ടു. ശരീരത്തിലാകമാനം കടുത്ത വേദനയാണ്''-ഫാ.ടോം പറഞ്ഞു.

പാരിഷ് ഡയറക്ടറിയുടെ ജോലി കഴിഞ്ഞ് അതിന്റെ ചീഫ് എഡിറ്റര്‍ ആന്റണി മലയിലിനെ പുതുച്ചിറയിലുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി മടങ്ങുന്നവഴി രാത്രി 12നാണ് സംഭവം.

മടുക്കുംമൂട് ജംഗ്ഷനിലുള്ള എടിഎമ്മിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്നു യുവാക്കള്‍ നില്‍ക്കുന്നതുകണ്ട് താന്‍ ബൈക്കിന്റെ വേഗം കുറച്ച് അവരെയൊന്നു ശ്രദ്ധിച്ചെന്നും. തുടര്‍ന്നു ബൈക്കോടിച്ച് പോകുമ്പോഴാണു പിന്നാലെ ബൈക്കിലെത്തിയ ഈ സംഘം തന്നെ അക്രമിച്ചതെന്നും ഫാ. ടോം കൂട്ടിച്ചേര്‍ത്തു. വെരൂര്‍ പള്ളിക്ക് ഇരുന്നൂറു മീറ്റര്‍ മാത്രം അകലെവച്ചാണു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.