വിശ്വകര്‍മജര്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തു രണ്ടു ശതമാനം സംവരണം: മുഖ്യമന്ത്രി
വിശ്വകര്‍മജര്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തു രണ്ടു ശതമാനം സംവരണം: മുഖ്യമന്ത്രി
Thursday, September 18, 2014 12:23 AM IST
തിരുവനന്തപുരം: വിശ്വകര്‍മ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്തു രണ്ടു ശതമാനം സംവരണം അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശ്വകര്‍മ സഭയ്ക്കു സര്‍ക്കാര്‍ ഒരു കോളജ് അനുവദിക്കും. വേഗത്തില്‍ തന്നെ അതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും സമുദായത്തിന്റെയും സംഘടനയുടെയും ശാശ്വതമായ പുരോഗതിക്ക് വിദ്യാഭ്യാസമാണ് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കേരള വിശ്വകര്‍മ സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. വിശ്വകര്‍മ സമുദായത്തിന് അനുവദിച്ച വാര്‍ധക്യകാല പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. പെന്‍ഷന്‍ നല്‍കുന്നതിനു ബജറ്റില്‍ പണം അനുവദിച്ചിരുന്നു. പെന്‍ഷന്‍ വിതരണത്തില്‍ എവിടെയാണ് വീഴ്ച പറ്റിയെന്നതു പരിശോധിക്കുമെന്നും മാണി പറഞ്ഞു.


സമ്മേളനത്തില്‍ വിശ്വകര്‍മ സഭ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് അധ്യക്ഷനായിരുന്നു. ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ ബാബു, കെവൈഎസ് ട്രഷറര്‍ വി.രാജപ്പന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.വാമദേവന്‍, വൈസ് പ്രസിഡന്റുമാരായ പി.സി. നടേശന്‍, ജി.ജനാര്‍ദനന്‍, കരമന പി. ബാലകൃഷ്ണന്‍, പി.ചെല്ലപ്പന്‍ ആചാരി, ജനറല്‍ സെക്രട്ടറി പി.പി.കൃഷ്ണന്‍, സ്വാഗത സംഘം കണ്‍വീനര്‍ കോട്ടയ്ക്കകം ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കഥകളി കലാകാരി ചവറ പാറുക്കുട്ടി, സംഗീതജ്ഞന്‍ ആയാംകുടി മണി, വാസ്തുവിദ്യ വിദഗ്ധന്‍ എ.ബി.ശിവന്‍, മണ്‍ചിത്ര കലാകാരന്‍ ബാബു എടക്കുന്നില്‍, ചിത്രകാരന്‍ ചിത്രാസ് സോമന്‍, കഥാകാരി ലീലാമണി തങ്കപ്പന്‍, ശില്പി ശിവദാസ് എടക്കാട്ടുവയല്‍, ശില്പി ആര്‍.രങ്കന്‍ ആചാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.