വൈദികനെ അക്രമിച്ച സംഭവം: ചങ്ങനാശേരിയില്‍ പ്രതിഷേധമിരമ്പി
വൈദികനെ അക്രമിച്ച സംഭവം: ചങ്ങനാശേരിയില്‍ പ്രതിഷേധമിരമ്പി
Thursday, September 18, 2014 12:24 AM IST
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളി അസിസ്റന്റ് വികാരി ഫാ.ടോം കൊറ്റത്തിലിനെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തില്‍ പൌരാവലിയുടെ ശക്തമാ യ പ്രതിഷേധം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. താലൂക്ക് പരിധിയിലുള്ള ചെറുറൂട്ടുകളില്‍പോലും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നഗരത്തില്‍ നടന്ന പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിചേര്‍ന്നു. റാലിയില്‍ പങ്കെടുത്തവരിലേറെയും യുവാക്കളായിരുന്നു. ചങ്ങനാശേരിയില്‍ വളര്‍ന്നുവരുന്ന അക്രമ, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള വലിയ താക്കീതായി റാലി മാറി. കക്ഷി, രാഷ്ട്രീയ ഭേദമെന്യ നാടിന്റെ പ്രതിഷേധമാണു റാലിയില്‍ ഇരമ്പിയത്. കുരിശുംമൂട്, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം, തൃക്കൊടിത്താനം, പായിപ്പാട് മേഖലകളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. വെരൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍നിന്ന് ആരംഭിച്ച റാലി കത്തീഡ്രല്‍ മൈതാനിയില്‍ എത്തി. അവിടെനിന്ന് കത്തീഡ്രല്‍ ഇടവകാംഗങ്ങളും മറ്റ് ഇടവകാംഗങ്ങളും കൂടിച്ചേര്‍ന്നു മാര്‍ക്കറ്റ് ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി. തുടര്‍ന്നു പെരുന്ന ചുറ്റി തിരികെ സെന്‍ട്രല്‍ ജംഗ്ഷനില്‍ റാലി സമാപിച്ചു. യുവാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പേരുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു.

സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേര്‍ന്ന പൊതുസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. വൈദികനെതിരേ നടന്ന ആക്രമണത്തില്‍ പൊതുസമൂഹത്തിനുള്ള വികാരമാണ് റാലിയിലും സമ്മേളനത്തിലും ദൃശ്യമായതെന്ന് എംപി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത ഈ റാലി ചങ്ങനാശേരിയുടെ മതസൌഹാര്‍ദത്തിന്റെ മറ്റൊരുദാഹരണമാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു താനും എംഎല്‍എയും കര്‍ശന നടപടി സ്വീകരിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ.വി. ശശികുമാര്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ.വി. റസല്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, കെപിസിസി സെക്രട്ടറി അഡ്വ.പി.എസ്. രഘുറാം, കേരളകോണ്‍ഗ്രസ്(എം) സംസ്ഥാന സെക്രട്ടറി അഡ്വ. ജോബ് മൈക്കിള്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് സിയ, യുഡിഎഫ് കണ്‍വീനര്‍ മാത്തുക്കുട്ടി പ്ളാത്താനം, നിയോജകമണ്ഡലം വികസനസമിതി ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, എസ്യുസിഐ ജില്ലാ സെക്രട്ടറി ആന്റണി ജോണ്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ്, സാംസണ്‍ വലിയപറമ്പില്‍, സെബിന്‍ ജോണ്‍, ജസ്റിന്‍ ബ്രൂസ്, സെബാസ്റ്യന്‍ മണമേല്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, തോമസ് ജോസഫ് നെടിയകാലാപ്പറമ്പില്‍, സൈബി അക്കര, സണ്ണി നെടിയകാലാപ്പറമ്പില്‍, ജോസുകുട്ടി നെടുമുടി, നിരീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.