പ്രതിസന്ധി മദ്യനയം മൂലമെന്നു പ്രചരിപ്പിക്കുന്നതു സ്ഥാപിത താത്പര്യക്കാര്‍: മാര്‍ റെമിജിയോസ്
പ്രതിസന്ധി മദ്യനയം മൂലമെന്നു പ്രചരിപ്പിക്കുന്നതു സ്ഥാപിത താത്പര്യക്കാര്‍: മാര്‍ റെമിജിയോസ്
Thursday, September 18, 2014 12:30 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മദ്യനയം മൂലമെന്ന് ആരോപിക്കുന്നതും പ്രചരിപ്പിക്കുന്നതും സ്ഥാപിത താത്പര്യക്കാരാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പ്രഖ്യാപിച്ച മദ്യനിരോധന നയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിനെതിരേയുള്ള നിലപാടില്‍നിന്നു സഭ പിന്നോട്ടുപോയിട്ടില്ല. പിന്നോട്ടുപോയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. എന്തൊക്കെ പ്രതിസന്ധികളെ നേരിടേണ്ടിവന്നാലും മദ്യവിരുദ്ധനയത്തില്‍നിന്നു സഭ പിന്നിലേക്കില്ല. വര്‍ഗീയവത്ക്കരിച്ചു മദ്യനിരോധനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. മദ്യത്തിനെതിരേ സര്‍ക്കാര്‍ ഇഛാശക്തിയോടെ മുന്നോട്ടുപോകണം. സഭയുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകും. ടൂറിസത്തിന്റെ പേരില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കാനാവില്ല. ധാര്‍മികമൂല്യങ്ങളെ തച്ചുടച്ചുള്ള ടൂറിസം രാജ്യത്തിനു നാശം വരുത്തും. തിന്മ വിതച്ചു നന്മ കൊയ്യാനാവില്ല. അടച്ച ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും മാര്‍ റെമിജിയോസ് പറഞ്ഞു.


മദ്യവിരുദ്ധ സമിതി വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. രാജ്യത്തു ക്ഷേമവും സദാചാരവും നിലനിര്‍ത്താന്‍ മദ്യനിരോധനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍, ഫാ.പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, എഫ്.എം. ലാസര്‍, ആന്റണി ജേക്കബ്, യോഹന്നാന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളില്‍ ഫാ.ടി.ജെ. ആന്റണി, ചാര്‍ളി പോള്‍, ഡോ. ജയസൂര്യ, ഫാ. പോള്‍ കാരാച്ചിറ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ജോണ്‍സണ്‍ ഇടയാറന്മുള, റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, എഫ്.എം. ലാസര്‍ എന്നിവര്‍ ഇന്നു ക്ളാസുകള്‍ നയിക്കും. ക്യാമ്പ് വൈകുന്നേരം നാലിനു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.