നികുതി നിര്‍ദേശങ്ങള്‍ ആശങ്കാജനകമെന്നു കേരള മര്‍ച്ചന്റ്സ് യൂണിയന്‍
Thursday, September 18, 2014 12:31 AM IST
കൊച്ചി: സംസ്ഥാനത്തിന്റെ മോശം സാമ്പത്തികാവസ്ഥയ്ക്കു പരിഹാരം കാണാനായി പുതിയ നികുതി നിര്‍ദേശങ്ങള്‍ക്കു സര്‍ക്കാര്‍ രൂപം നല്‍കുന്നത് ആശങ്കാജനകമാണെന്നു കേരള മര്‍ച്ചന്റ്സ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അച്ചടക്കമില്ലാത്ത ഭരണത്തിന്റെയും മോശം സാമ്പത്തിക മാനേജ്മെന്റിന്റെയും പരിണിത ഫലമാണ് ഈ സാമ്പത്തിക അരക്ഷിതാവസ്ഥ. അതു തരണം ചെയ്യാന്‍ മന്ത്രിസഭ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനു പകരം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടത്. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം നികുതി ഭാരം താങ്ങുന്ന കേരളീയരുടെ മേല്‍ വീണ്ടും നികുതി ഭാരം അടിച്ചേല്‍പ്പിക്കാന്‍ എടുക്കുന്ന തീരുമാനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


വരുമാനത്തില്‍ 85 ശതമാനം ശമ്പളത്തിനായി ചെലവഴിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം ഒരു കാരണവശാലും കൂട്ടാതെ, മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫടക്കം സര്‍ക്കാര്‍ സര്‍വീസിലുള്ള അധിക ജീവനക്കാരെ പിരിച്ചുവിട്ട് അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കണം.

പിരിഞ്ഞുകിട്ടാനുള്ള കുടിശിക പിരിച്ചെടുത്തു കടുത്ത സാമ്പത്തിക അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ഒരു ഭരണം കാഴ്ചവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും യൂണിയന്‍ പ്രസിഡന്റ് വി.എ.മുഹമ്മദ് അഷറഫ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.