നീതി ലഭ്യമാക്കാന്‍ ജുഡീഷറി സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നു ഗവര്‍ണര്‍
നീതി ലഭ്യമാക്കാന്‍ ജുഡീഷറി സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നു ഗവര്‍ണര്‍
Monday, September 22, 2014 12:16 AM IST
ആലപ്പുഴ: ശരിയായ നീതി ലഭിക്കാന്‍ നീതിന്യായ സംവിധാനം സ്വതന്ത്രമായി നിലകൊള്ളണമെന്നു ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം. ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദ്വിദിന നിയമ ശില്പശാലയില്‍ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജൂഡീഷറിയുടെ സ്വാതന്ത്യ്രമെന്നത് ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചാവിഷയമാണ്. ജൂഡീഷറിക്കു സ്വതന്ത്രമായും ധൈര്യസമേതവും വിവേചനമില്ലാതെയും പ്രവര്‍ത്തിക്കാനാകണം. പണക്കാരനെന്നോ ദരിദ്രനെന്നോ, ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ, ശക്തിയാര്‍ജിച്ചവരെന്നോ ശക്തിയില്ലാത്തവരെന്നോ ഭേദമില്ലാതെ നിയമത്തിന്റെ ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നതാകണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധേയത്വവും താത്പര്യരാഹിത്യവും ആ രംഗത്തുണ്ടാകരുത്.

ജനാധിപത്യ സംവിധാനത്തിന്റെ ഗുണപരമായ മുന്നേറ്റത്തിനു ജുഡീഷറിയും നിയമനിര്‍മാണസഭയും പരസ്പരധാരണയോടു കൂടി പ്രവര്‍ത്തിക്കണം. ചിലപ്പോഴെങ്കിലും ജുഡീഷറിയുടെ മേല്‍ക്കോയ്മയെന്നു തോന്നിയേക്കാമെങ്കിലും അതു നിയമത്തോടുള്ള പ്രതിബദ്ധത മാത്രമാണ്. എന്നിരുന്നാലും ഭരണകൂടവും നീതിന്യായ സംവിധാനവും തമ്മില്‍ ഉരസലുണ്ടാകുന്നതു ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉന്നത നീതിന്യായ പീഠത്തിലിരുന്നപ്പോഴും മറ്റ് ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചപ്പോഴും നീതി യുക്തമായി മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുണ്ടായിട്ടുള്ളുവെന്നു ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയില്‍ പക്ഷപാത രഹിതമായി ഭരണനിര്‍വഹണത്തില്‍ ഏര്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസുമാരായ കെ.ടി. ശങ്കരന്‍, തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണി, ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ബിരി സിംഗ് സിന്‍സിവാര്‍, കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.എച്ച്. അബ്ദുല്‍ അസീസ്, ബാര്‍ കൌണ്‍സിലംഗം എം. റാഫി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.