'പശുവിന്‍പാല്‍ അലര്‍ജിയുള്ള കുട്ടികള്‍ക്ക് അഞ്ചു വയസുവരെ പാല്‍ നല്‍കരുത്'
Monday, September 22, 2014 12:17 AM IST
കൊച്ചി: പശുവിന്‍പാല്‍ അലര്‍ജിയുള്ള കുഞ്ഞുങ്ങളുടെ മലത്തില്‍ രക്തസാന്നിധ്യം ഉണ്ടാകുമെന്നും ഈ കുട്ടികള്‍ക്ക് അഞ്ചു വയസുവരെ പശുവിന്‍പാല്‍ നല്‍കരുതെന്നും ഇന്ത്യന്‍ സൊസൈറ്റി ഓഫ് പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി ദേശീയ സമ്മേളനം മുന്നറിയിപ്പു നല്‍കി. സോപ്പ് ഉത്പന്നങ്ങള്‍ സ്വന്തമായി നിര്‍മിക്കുന്ന വീടുകളില്‍ കുട്ടികള്‍ അബദ്ധത്തില്‍ രാസവസ്തുക്കള്‍ കഴിക്കുന്ന സംഭവം വര്‍ധിച്ചുവരുന്നതായി പല ശിശുരോഗ വിദഗ്ധരും ചൂണ്ടിക്കാട്ടി. ഇത് അന്നനാളം ദ്രവിക്കുന്ന അവസ്ഥയുണ്ടാക്കും. ചില നവജാത ശിശുക്കളില്‍ കാണുന്ന വെളുത്ത മലം കരള്‍രോഗങ്ങളുടെ സൂചനയാണ്. ഇതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

ക്ഷയം, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്ന കുട്ടികള്‍ക്കു പാര്‍ശ്വഫലമായി കരള്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം മരുന്നു കഴിക്കുന്ന കുട്ടികളെ കരള്‍രോഗ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. കുട്ടികളില്‍ പിത്താശയ സഞ്ചിയില്‍ കല്ല് വ്യാപകമാകുന്നതായി സമ്മേളനം വിലയിരുത്തി. സ്കാന്‍ പരിശോധനയ്ക്കു വിധേയമാകുന്ന കുട്ടികളില്‍ പത്തു ശതമാനം പേര്‍ക്കും പിത്താശയ കല്ല് കണ്ടുവരുന്നു. വിവിധ വിഷയങ്ങളില്‍ ഡോ.എസ്.കെ.യാച്ച, ഡോ. നീലം മോഹന്‍, ഡോ. ബി.ആര്‍. ഥാപ്പ, ഡോ. ഭാനുപിള്ള, ഡോ. എം. ഗീത തുടങ്ങിയവര്‍ ശില്പശാലകള്‍ക്കു നേതൃത്വം നല്‍കി. വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള ഇരുന്നൂറില്‍പ്പരം ശിശുരോഗ വിദഗ്ധര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.