തിരുവാലി കൃഷിഭവന്റെ പാഡി ചലഞ്ച് തരംഗമാകുന്നു
തിരുവാലി കൃഷിഭവന്റെ പാഡി ചലഞ്ച് തരംഗമാകുന്നു
Tuesday, September 23, 2014 12:17 AM IST
മലപ്പുറം: നെല്‍കൃഷി വ്യാപനം ലക്ഷ്യമാക്കി മലപ്പുറം ജില്ലയിലെ തിരുവാലി കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാഡി ചലഞ്ച് മാതൃകയാകുന്നു. പാടത്ത് നെല്‍കൃഷി ചെയ്തു ഭക്ഷ്യസുരക്ഷയ്ക്കു ഉണര്‍വേകുകയെന്ന ദൌത്യമാണു തിരുവാലിയിലെ കര്‍മനിരതരായ ഒരു സംഘം ഏറ്റെടുത്തിരിക്കുന്നത്. തിരുവാലി തോടായത്തെ ഒന്നര ഏക്കര്‍ വയലിലാണ് പാഡി ചലഞ്ചിന്റെ ഭാഗമായി കരുണ ഇനത്തില്‍പ്പെട്ട വിത്തിറക്കിയത്. ജില്ലാ, ബ്ളോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, തിരുവാലി കൃഷിഭവന്‍ ജീവനക്കാര്‍, തിരുവാലി കാര്‍ഷിക കര്‍മസേന, വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പാടത്ത് അണിനിരന്ന് ഞാറുനട്ടത് പുത്തന്‍ അനുഭവമായി.

ഞാറ്റുപാട്ടിന്റെ ഈണവുമായാണ് ഏവരും ഞാറുനട്ടത്. നാടക, സിനിമ, സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായ നിലമ്പൂര്‍ ആയിഷയും മന്ത്രി എ.പി. അനില്‍കുമാറും ഇവരോടൊപ്പം പാടത്തിറങ്ങിയപ്പോള്‍ ഞാറുനടീല്‍ ആവേശമായി മാറി. കഴിഞ്ഞമാസമാണ് ഞാറു നടീലിനു വയല്‍ പാകമാക്കിയെടുത്തത്. നൂറ്റിമുപ്പതു ദിവസമാകുമ്പോഴേക്കും വിളവെടുക്കാനാകും.

സിനിമാതാരം മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരുവാലി കൃഷിഭവന്‍ ഇത്തരമൊരു ശ്രമത്തിനു ഇറങ്ങിയത്. പാഡി ചലഞ്ച് മറ്റുള്ളവര്‍ക്കു സ്വന്തം അന്നം ഉത്പാദിപ്പിക്കാന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍. പാഡിചലഞ്ചിനു തയാറായി പലരും മുന്നോട്ടു വന്നിട്ടുണ്െടന്ന് തിരുവാലി കൃഷിഓഫീസര്‍ പി.എം. മെഹറുന്നീസ പറഞ്ഞു. അനുയോജ്യമായ വയല്‍ ലഭ്യമാകാത്തതാണ് പലരുടെയും പ്രശ്നം. എന്നാല്‍ അതതു പ്രദേശങ്ങളില്‍ ഇതു കണ്െടത്താവുന്നതേയുള്ളൂവെന്നും അവര്‍ പറഞ്ഞു.


നെല്‍കൃഷി ഗൌരവമേറിയ ഒന്നാണെന്നും ഓരോരുത്തരും ഇതിനു മുന്നിട്ടിറങ്ങണമെന്നുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. തിരുവാലിക്കടുത്ത് പുന്നപ്പാല സ്കൂള്‍ വിദ്യാര്‍ഥികള്‍ പാഡി ചലഞ്ചിനു തയാറായി വന്നിട്ടുണ്ട്. ഇതിനുള്ള ശ്രമത്തിലാണു തിരുവാലി കൃഷിഭവന്‍. ജനങ്ങള്‍ ചലഞ്ച് ഏറ്റെടുക്കുന്നതോടെ ഭക്ഷ്യമേഖലയ്ക്കു ഉണര്‍വേകുമെന്നാണ് തിരുവാലി കൃഷിഭവന്‍ പ്രതീക്ഷിക്കുന്നത്. താമസിയാതെ മറ്റുജില്ലകളിലേക്കു ഇതു വ്യാപിക്കുമെന്നും കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്ളാക്കുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ഹുസൈന്‍ഹാജി, വൈസ്പ്രസിഡന്റ് പി.കെ. മിനി, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ സിനി, കൃഷി അസിസ്റന്റ് ഡയറക്ടര്‍ പി.എ സലീമ, തിരുവാലി കൃഷിഓഫീസര്‍ പി.എം മെഹ്റുന്നീസ, പോത്തുകല്‍ കൃഷി ഓഫീസര്‍ ഉമ്മര്‍കോയ, കൃഷി അസിസ്റന്റുമാരായ ഇ. നവിഷ്, വി.ബി പൂര്‍ണിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.