മൂലാധാരം വ്യാജമാണെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്; എസ്റേറ്റുകള്‍ക്കു നിയമക്കുരുക്ക്
Wednesday, October 22, 2014 12:31 AM IST
എരുമേലി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് മൂലാധാരം വ്യാജമായി നിര്‍മിച്ച് എസ്റേറ്റുകള്‍ വിറ്റഴിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നടപടികളാരംഭിക്കുന്നതിനു തടസമില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെ സംസ്ഥാനത്തെ നാല് എസ്റേറ്റുകള്‍ക്കെതിരേ നിയമക്കുരുക്കുകള്‍ മുറുകുന്നു. എരുമേലിയിലെ ചെറുവള്ളി, മുണ്ടക്കയം പെരുവന്താനം ബോയ്സ്, പുനലൂരിലെ അമ്പനാട്, തെന്മലയിലെ നാഗമല, റിയ എസ്റേറ്റുകള്‍ക്കെതിരേയാണ് മൂലാധാരം വ്യാജമാണെന്ന റിപ്പോര്‍ട്ടുള്ളത്.

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പലപ്പോഴായി വിറ്റഴിച്ച എസ്റേറ്റുകളാണിവ. 1923 ല്‍ 1600-ാം നമ്പരായി കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്തെന്നവകാശപ്പെടുന്ന മൂലാധാരം സമര്‍പ്പിച്ചാണു ഹാരിസണ്‍സ് ഇവയെല്ലാം വിറ്റഴിച്ചത്. ഈ മൂലാധാരപ്രകാരം 25630 ഏക്കര്‍ ഭൂമിയാണു ഹാരിസണ്‍സ് കൈവശം വച്ചിരുന്നതെന്ന് 59 പേജുകളുള്ള വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാരിസണ്‍സും സര്‍ക്കാരും തമ്മിലുള്ള വിവിധ കേസുകളെ തുടര്‍ന്നു മൂലാധാരം യഥാര്‍ഥമാണോയെന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു.

സ്പെഷല്‍ ഗവണ്‍മെന്റ് പ്ളീഡര്‍ സുശീല ആര്‍. ഭട്ട് സര്‍ക്കാരിനുവേണ്ടി കോടതിയിലെ കേസുകള്‍ക്കായി മൂലാധാരം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്നു വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരത്തെ സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ യൂണിറ്റ് രണ്ടിന് അന്വേഷണ ചുമതല നല്‍കുകയുമായിരുന്നു. 1923 കാലത്ത് ഇംഗ്ളീഷ് ഭാഷയില്‍ ആധാരങ്ങള്‍ തയാറാക്കുന്നത് പ്രചാരത്തിലില്ലായിരുന്നെന്നും എന്നാല്‍, ഹാരിസ ണ്‍സിന്റെ പക്കലുള്ള മൂലാധാരം ഇംഗ്ളീഷിലാണെന്നുള്ളത് വ്യാജരേഖയാണെന്നു വ്യക്തമാക്കുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാലത്ത് സ്റാമ്പ് ഡ്യൂട്ടി അണപൈസ പ്രകാരമായിരുന്നെന്നും മുദ്രപ്പത്രങ്ങളില്‍ വാട്ടര്‍മാര്‍ക്ക്, കൊഞ്ച് ആകൃതിയിലുള്ള ചിഹ്നം എന്നിവയുണ്ടായിരുന്നെന്നും വിജിലന്‍സ് കണ്െടത്തി. എന്നാല്‍, മൂലാധാരത്തില്‍ ഇവയൊന്നുമില്ലായിരുന്നു.

മൂലാധാരത്തില്‍ ഹാരിസണ്‍സിനുവേണ്ടി വിദേശ പൌരന്‍ ജോണ്‍ മാക്കിയുടേതായുള്ള ഒപ്പ് വ്യാജമാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേ നമ്പരുകള്‍ മൂലാധാരത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഹാരിസണ്‍സിന്റെ കൈവശമുള്ള ഭൂമിയുടെ വ്യാപ്തി സംബന്ധിച്ച കണക്കുകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്െടന്നും ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്നതായ രേഖകള്‍ മറച്ചുവെച്ച് കൂടതല്‍ ഭൂമി കൈവശമാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിറ്റഴിക്കപ്പെട്ട എസ്റേറ്റുകളുടെ യഥാര്‍ഥ വ്യാപ്തി ആധാരങ്ങളില്‍ പറയുന്നതിലും ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ എട്ടുപേരാണ് പ്രതിസ്ഥാനത്തുള്ളത്. ഹാരിസണ്‍സ് കമ്പനിയുടെ പ്രസിഡന്റായിരുന്ന വിനയരാഘവന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ധര്‍മരാജ്, വൈസ് പ്രസിഡന്റ് വി. വേണുഗോപാല്‍, കമ്പനി സെക്രട്ടറി രവി ആനന്ദ്, എരുമേലി, പുനലൂര്‍, പീരുമേട് മുന്‍ സബ് രജിസ്ട്രാരുമാരായിരുന്ന എന്‍.എം. ഗോപിനാഥന്‍നായര്‍,ടി.ജെ. മറിയം, പി.എസ്. ശ്രീകുമാര്‍, കൊല്ലം ജില്ലാ രജിസ്ട്രാര്‍ ജി. വിജയകുമാര്‍ എന്നിവരാണ് കുറ്റക്കാരായി റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളത്. റിപ്പോര്‍ട്ടില്‍ 62 സാക്ഷികളുടെ വിവരണവും 81 രേഖകളുടെ വിശദാംശങ്ങളുമുണ്ട്.


റവന്യു, രജിസ്ട്രേഷന്‍, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥരും പൂഞ്ഞാര്‍ രാജവംശത്തിലെ രാമവര്‍മരാജായും ഉള്‍പ്പെടെ 62 പേരില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് തെളിവെടുപ്പ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ ഹാരിസണ്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് തള്ളിയത്. ഈ പശ്ചാത്തലത്തില്‍ വിജിലന്‍സിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി 2013ലാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. വിറ്റഴിച്ച എസ്റേറ്റുകള്‍ വഞ്ചിക്കപ്പെട്ട ഭൂമിയെന്ന പേരില്‍ പിടിച്ചെടുക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.