സ്മാര്‍ട്സിറ്റിക്കു പാരിസ്ഥിതികാനുമതി
സ്മാര്‍ട്സിറ്റിക്കു പാരിസ്ഥിതികാനുമതി
Thursday, October 23, 2014 11:31 PM IST
കൊച്ചി: കൊച്ചി സ്മാര്‍ട്സിറ്റിയിലെ 246 ഏക്കറിലെ മുഴുവന്‍ പദ്ധതിക്കും പാരിസ്ഥിതികാനുമതി ലഭിച്ചു. 88 ലക്ഷം ചതുരശ്ര അടിയോളം വിഭാവനം ചെയ്യുന്ന നിര്‍മിതിക്കൊപ്പം വലിയൊരു ഭാഗം ഭൂമി തുറസായ സ്ഥലങ്ങള്‍ക്കും പച്ചപ്പിനും നീക്കിവച്ചുള്ളതാണു സമ്പൂര്‍ണ പദ്ധതി. ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി), മീഡിയ, ഫിനാന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ക്ളസ്ററുകളിലായി ഇന്ത്യയിലും പുറത്തും നിന്നുള്ള സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കാനെത്തുന്നത്.

ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എസ്സികെ01 എന്ന ആദ്യ ഐടി ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴാണു സ്മാര്‍ട്സിറ്റിയിലെ സമ്പൂര്‍ണ പദ്ധതിക്കും പാരിസ്ഥിതികാനുമതി ലഭിക്കുന്നതെന്നു സ്മാര്‍ട്സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ് പറഞ്ഞു. എസ്സികെ01-ന് 2013 ജൂലൈയില്‍ പാരിസ്ഥിതികാനുമതി ലഭിച്ചു. തുടര്‍ന്നാണു സമ്പൂര്‍ണ പദ്ധതിക്കുമുള്ള പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്.

സംസ്ഥാന വിദഗ്ധ അവലോകന സമിതിയുടെ ശിപാര്‍ശയില്‍ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പാരിസ്ഥിതിക അവലോകന അഥോറിറ്റിയുടെ (എസ്ഇഐഎഎ-കെ) യോഗമാണു പൂര്‍ണ അനുമതി നല്‍കിയത്.


വ്യക്തമായ മാസ്റര്‍ പ്ളാന്‍ അപ്രൈസല്‍ കമ്മിറ്റിയുടെ അഭിനന്ദനത്തിന് അര്‍ഹമായി. അനുമതി ലഭിച്ചതോടെ അടിസ്ഥാന സൌകര്യ വികസനവും മറ്റും വേഗത്തിലാക്കാനാകും. എസ്സികെ01 ഐടി ടവറിന്റെ ഉദ്ഘാടനം 2015 മാര്‍ച്ചില്‍ നടത്താനാകുമെന്നാണു പ്രതീക്ഷ.

നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലീഡ് പ്ളാറ്റിനം റേറ്റിംഗുള്ള രാജ്യ ത്തെ ഏറ്റവും വലിയ ഐടി സമുച്ചയങ്ങളിലൊന്നാകാനാണ് എസ്സികെ01 ലക്ഷ്യമിടുന്നത്. ചുറ്റുപാടുമുള്ള വൃക്ഷലതാദികളെ പരമാവധി നിലനിര്‍ത്തിക്കൊണ്ടാകും തുടര്‍ന്നുള്ള നിര്‍മിതികള്‍. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മരങ്ങള്‍ പറിച്ചുനട്ടതും ഈ ഉയര്‍ന്ന പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായിരുന്നു.

ഐടി, റിയല്‍റ്റി, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായാണു സംയുക്ത പദ്ധതികള്‍ നടപ്പാക്കാന്‍ കൊച്ചി സ്മാര്‍ട്സിറ്റി ധാരണയിലെത്തിയിട്ടുള്ളത്. ജോലി, പാര്‍പ്പിടം, വിനോദം തുടങ്ങിയ സമസ്ത സൌകര്യങ്ങളും ഒരിടത്തു ലഭ്യമാക്കുകയാണു ലക്ഷ്യം. “ഈ പദ്ധതികള്‍ പലതും അനുമതിയുടെയും രൂപകല്‍പ്പനയുടെയും വിവിധ ഘട്ടങ്ങളിലാണ്. ഏതാനും പദ്ധതികളില്‍ ഉടന്‍ നിര്‍മാണം തുടങ്ങും- ജിജോ ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.