എംജി സര്‍വകലാശാലയില്‍ പരീക്ഷാ സംവിധാനം നവീകരിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം
Saturday, October 25, 2014 12:56 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ പരീക്ഷാ സമ്പ്രദായം നവീകരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. വിവരസാങ്കേതിക വിദ്യയുടെ വിന്യാസത്തോടെയാണു നവീകരിക്കുന്നത്. കെട്ടിക്കിടക്കുന്ന പുനര്‍മൂല്യനിര്‍ണയ നടപടികളും പരീക്ഷാഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അടിയന്തരമായി പരിഹരിക്കുവാനും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ-ഭരണ വിഭാഗങ്ങളിലെ കംപ്യൂട്ടര്‍വത്കരണം സംബന്ധിച്ച പദ്ധതി തയാറാക്കാന്‍ പ്രഫ.ആര്‍.വിജയകുമാറിനെ യോഗം ചുമതലപ്പെടുത്തി. നവംബര്‍ 17 മുതല്‍ 29 വരെ സിബിസിഎസ്എസ് മൂന്ന്, അഞ്ച് സെമസ്ററുകളിലെ മൂല്യനിര്‍ണയത്തിനായി ഒമ്പതു കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി നവംബര്‍ നാലിന് എറണാകുളത്തും, അഞ്ചിന് കോട്ടയത്തും പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരും. മൂല്യനിര്‍ണയ ക്യാമ്പ് അവസാനിക്കുന്ന ദിവസം തന്നെ അധ്യാപകര്‍ക്കുള്ള പ്രതിഫലം നല്‍കും. സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ പരീക്ഷ മൂല്യനിര്‍ണയത്തിനായി എസ്എസ്എല്‍സി മുല്യനിര്‍ണയത്തിന്റെ മാതൃകയില്‍ മറ്റ് കോളജുകളില്‍ നിന്ന് അധ്യാപകരെ നിയോഗിക്കും.

മൂല്യനിര്‍ണയ ക്യാമ്പുകളിലേക്കു പരീക്ഷേതര ബ്രാഞ്ചുകളിലെ ജീവനക്കാരെ നിയോഗിക്കും. കൂലിയടിസ്ഥാനത്തില്‍ പുറമെയുള്ളവരുടെ സേവനവും പ്രയോജനപ്പെടുത്തും. മാര്‍ക്ക് ലിസ്റുകളില്‍ ബോംബെ യൂണിവേഴ്സിറ്റിയുടെ മാതൃക പിന്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഫോട്ടോ കൂടി ഉള്‍ക്കൊള്ളിക്കാനുള്ള യുജിസി നിര്‍ദേശത്തിന്റെ പ്രായോഗിക വശം പഠിക്കുവാന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, പരീക്ഷാ സമിതി കണ്‍വീനര്‍ ഡോ.എന്‍.ജയകുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.

സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ പരീക്ഷാ നടത്തിപ്പിനായി മറ്റ് സ്വാശ്രയ കോളജുകളില്‍ നിന്നും അഡീഷണല്‍ ചീഫ് സുപ്രണ്ടുമാരെയും ഇന്‍വിജിലേറ്റര്‍മാരെയും നിയമിക്കും. ഓരോ കോഴ്സിന്റെയും ചെയര്‍മാന്‍മാര്‍ സീനിയര്‍ ചീഫ് എക്സാമിനേഴ്സുമായി ആലോചിച്ചു മൂല്യനിര്‍ണയ സ്കീം തയാറാക്കണമെന്നും തീരുമാനിച്ചു.


കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിനായി ഡോ.പി.കെ.സോമശേഖരന്‍ ഉണ്ണി (ആലുവ), പ്രഫ. കെ.എസ്. ഇന്ദു (ചങ്ങനാശേരി), ജോര്‍ജ് വര്‍ഗീസ് (എറണാകുളം), പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ (കോട്ടയം), ഡോ.കെ.വി.നാരായണക്കുറുപ്പ് (പത്തനംതിട്ട), ഡോ.എന്‍.ജയകുമാര്‍ (കട്ടപ്പന), പ്രഫ.സണ്ണി.കെ.ജോര്‍ജ് (മൂവാറ്റുപുഴ), ഡോ.സി.വി.തോമസ് (പാല), പ്രഫ.സി.ഐ.അബ്ദുള്‍ റഹിമാന്‍ (തൃപ്പൂണിത്തുറ) എന്നിവരെ കണ്‍വീനര്‍മാരായും ഡോ.എന്‍.ജയകുമാറിനെ ജനറല്‍ കണ്‍വീനറായും ചുമതലപ്പെടുത്തി.

ഓരോ മൂല്യനിര്‍ണയ ക്യാമ്പുകളിലും ഒരു സീനിയര്‍ അധ്യാപകനെ അഡീഷണല്‍ ക്യാമ്പ് ഡയറക്ടറായി നിയമിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അധ്യാപകരുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നവംബര്‍ 17 മുതല്‍ 29 വരെ അഫിലിയേറ്റഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ ക്ളാസുകള്‍ക്ക് അവധി നല്‍കും. ക്യാമ്പില്‍ ഡ്യൂട്ടിയുമായി ബന്ധപ്പെടാത്ത അധ്യാപകര്‍ കോളജുകളില്‍ ഹാജരാകണം. എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും അധ്യാപക പോര്‍ട്ടലുകള്‍ നവംബര്‍ നാലിന് മുമ്പ് അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്ന കോളജുകളിലെ താത്കാലിക അഫിലിയേഷന്‍ നല്‍കല്‍, പുതിയ കോഴ്സ് അനുവദിക്കല്‍, നാമമാത്രമായ സീറ്റ് വര്‍ധന മുതലായ കാര്യങ്ങള്‍ യൂണിവേഴ്സിറ്റി അനുവദിക്കുകയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.