വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ നാമകരണപാതയില്‍
വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ നാമകരണപാതയില്‍
Sunday, October 26, 2014 1:17 AM IST
റവ.ഡോ. ഐസക് ആരിക്കാപ്പിള്ളില്‍ സിഎംഐ

1952 ഓഗസ്റ് 29 രാത്രി എട്ടര. തൃശൂരിനു സമീപമുള്ള ചിറളയം ദേവാലയത്തിലെ മണികള്‍ മുഴങ്ങി. മണിനാദം ഏറെനേരം നീണ്ടുനിന്നു. പുണ്യചരിതയായ എവുപ്രാസ്യമ്മയുടെ പാവനാന്മാവ് ദേഹം വെടിഞ്ഞു പാരില്‍നിന്നു പരലോകത്തേക്കു യാത്രയായതു മാലോകരെ അറിയിക്കുകയായിരുന്നു പള്ളിമണികള്‍. അക്കാലയളവില്‍ ചിറളയം ദേശത്ത് ഏറെപ്പേര്‍ കത്തോലിക്കാവിശ്വാസത്തില്‍നിന്ന് അകലുന്നുണ്ടായിരുന്നു. അവരുടെ മടങ്ങിവരവിനായി മനസുരുകി പ്രാര്‍ഥിച്ചിരുന്നു എവുപ്രാസ്യമ്മ. ഇതാണു ചിറളയവും എവുപ്രാസ്യമ്മയും തമ്മിലുണ്ടായിരുന്ന ആത്മീയബന്ധം.

ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പ്രാര്‍ഥിക്കുന്ന അമ്മ, ദിവ്യസാന്നിധ്യത്തിന്റെ ചലിക്കുന്ന സക്രാരി എന്നെല്ലാം അറിയപ്പെട്ടിരുന്ന എവുപ്രാസ്യമ്മയുടെ പ്രാര്‍ഥനകൊണ്ട് എത്രയോ വ്യക്തികള്‍ക്കാണ് ആ പുണ്യശ്ളോകയുടെ ജീവിതകാലത്തും മരണശേഷവും ആത്മീയവും ഭൌതികവുമായ അനവധി അനുഗ്രഹങ്ങള്‍ കൈവന്നിട്ടുള്ളത്. 1877 ഒക്ടോബര്‍ 17നു ജനിച്ച് 1952 ഓഗസ്റ് 29നു നിത്യസമ്മാനത്തിനു വിളിക്കപ്പെട്ട എവുപ്രാസ്യമ്മ ഒരു പുണ്യവതിയായിരുന്നുവെന്ന് അമ്മയെ അറിയുന്നവരൊക്കെ വിശ്വസിച്ചിരുന്നു.

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ സ്ഥാപിച്ച സിഎംസി സന്യാസിനി സഭയിലെ അംഗമായിരുന്നു എവുപ്രാസ്യമ്മ. സഭയുടെ തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ മദര്‍ ക്ളെയോപാട്രയാണ് 1986ല്‍ എവുപ്രാസ്യമ്മയുടെ വിശുദ്ധപദവി പ്രഖ്യാപന നടപടികള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷയുമായി മദര്‍ ജനറല്‍ പ്രീമയുടെ അനുവാദത്തോടെ തൃശൂര്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുണ്ടുകുളത്തെ സമീപിക്കുന്നത്.

ആദ്യ പോസ്റുലേറ്റര്‍ ആയി റവ.ഡോ. ലൂക്കോസ് വിത്തുവട്ടിക്കല്‍ സിഎംഐ നിയമിതനായി. 1987ല്‍ സിസ്റര്‍ പെരിഗ്രിന്‍ സിഎംസി ആയിരുന്നു വൈസ് പോസ്റുലേറ്റര്‍. നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കാന്‍ റോമില്‍നിന്നുള്ള അനുവാദം 1988ല്‍ ലഭിച്ചു. ദൈവദാസി എവുപ്രാസ്യമ്മയുടെ സുകൃതജീവിതം, എഴുത്തുകള്‍ തുടങ്ങിയവ പരിശോധിക്കുന്ന പ്രാരംഭ പഠനങ്ങളും ആരംഭിച്ചു. 1990 ജനുവരി 13ന് കല്ലറ തുറന്നു പരിശോധിച്ചു. ദൈവദാസിയുടെ ഭൌതികാവശിഷ്ടം ഒല്ലൂര്‍ കോണ്‍വന്റ് ചാപ്പലിലെ പുതിയ കബറിടത്തില്‍ അടക്കംചെയ്തു.


1992ല്‍ സിസ്റര്‍ ക്ളെയോപാട്ര വൈസ് പോസ്റുലേറ്റര്‍ ആയി നിയമിതയായി. ദൈവദാസിയെക്കുറിച്ചു നടത്തിയ പഠനങ്ങളെല്ലാം സമാഹരിച്ചു പൊസിസിയോ രേഖ 1994ല്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിനു സമര്‍പ്പിച്ചു. 2002ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവദാസി എവുപ്രാസ്യമ്മയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.

റവ.ഡോ. ജോര്‍ജ് നെടുങ്ങാട്ട് എസ്ജെ 2005ല്‍ പോസ്റുലേറ്റര്‍ ആയി. തോമസ് തരകന്‍ എന്ന വ്യക്തിയുടെ എല്ലിനെ ബാധിച്ചിരുന്ന അര്‍ബുദരോഗം എവുപ്രാസ്യമ്മയോടുള്ള മാധ്യസ്ഥപ്രാര്‍ഥനയാല്‍ സുഖപ്പെട്ടു.

ശാസ്ത്രസങ്കേതങ്ങളുടെ സഹായത്താല്‍ വിശദീകരിക്കാനാവാത്ത രോഗശാന്തിയായിരുന്നതിനാല്‍ ഇതു തിരുസഭ അദ്ഭുതമായി സ്വീകരിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അധികാരപ്പെടുത്തിയതിനുസരിച്ചു സീറോ മലബാര്‍ സഭയുടെ അന്നത്തെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എവുപ്രാസ്യമ്മയെ 2006 ഡിസംബര്‍ മൂന്നിനു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഓഗസ്റ് 29ന് അമ്മയുടെ തിരുനാള്‍ദിനമായും സഭ കല്പിച്ചുതന്നു.

റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ 2011ല്‍ പോസ്റുലേറ്റര്‍ ആയി ചുമതലയേറ്റു. വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ഥനയുടെ ഫലമായി സഭയുടെ നിര്‍വചനത്തില്‍പ്പെടുന്ന രണ്ടാമത്തെ രോഗശാന്തി അദ്ഭുതവും താമസിയാതെ നടന്നു.

ഇരിങ്ങാലക്കുട രൂപതാംഗമായ ജൂവല്‍ ജെന്‍സെന്‍ കണ്ണന്‍കുന്നി എന്ന ആണ്‍കുട്ടിയുടെ തൊണ്ടയിലെ തൈറോഗ്ളോസല്‍ സിസ്റ് വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ഥനയുടെ ഫലമായി സുഖപ്പെട്ടതാണത്. ഇതുവരെയുള്ള ഔഷധശാസ്ത്ര അറിവിന്‍പ്രകാരം ഇതു പരിഹരിക്കാനുള്ള ഏക മാര്‍ഗം ശസ്ത്രക്രിയയാണ്. പക്ഷേ, ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത രീതിയില്‍ വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ഥനകൊണ്ടു രോഗം ഭേദമായി. 2013 ജൂലൈ നാലിന് ഇതിനെ എവുപ്രാസ്യമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് അദ്ഭുതമായി സഭ അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.