അക്വാട്ടിക് കോംപ്ളക്സില്‍ തീപിടിത്തം
അക്വാട്ടിക് കോംപ്ളക്സില്‍ തീപിടിത്തം
Thursday, October 30, 2014 12:20 AM IST
തൃശൂര്‍: സംസ്ഥാന സ്കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന അക്വാട്ടിക് കോംപ്ളക്സില്‍ വന്‍ തീപിടിത്തം. നീന്തല്‍താരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു.

ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു വനിതാ നീന്തല്‍ താരങ്ങള്‍ താമസിച്ചിരുന്ന മുകള്‍നിലയിലെ ഡോര്‍മിറ്ററിയില്‍ തീപിടിത്തമുണ്ടായത്. ലഗേജുകള്‍ പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന 24 നീന്തല്‍ താരങ്ങള്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കോല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ളവരെ തെരഞ്ഞെടുക്കാനുള്ള സീനിയര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ചമുമ്പാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള താരങ്ങള്‍ ഇവിടെയെത്തിയത്.

കത്തിനശിച്ച ഡോര്‍മിറ്ററിയുടെ വാതില്‍ തകരുന്ന ശബ്ദം കേട്ടാണു കുട്ടികള്‍ ഉറക്കമുണര്‍ന്നത്. മുറിയുടെ വാതില്‍ തുറന്നയുടന്‍ പുക വന്നു നിറഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാതെ പെണ്‍കുട്ടികള്‍ ഇറങ്ങിയോടി. തൃശൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റില്‍നിന്നെത്തിയ അഗ്നിശമനസേനാപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണു കൂടുതല്‍ ഭാഗങ്ങളിലേക്കു തീപടരാതെ സഹായിച്ചത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണു തീ നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു നിഗമനം.


സംസ്ഥാന സ്കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ പതിവുദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കൂടുതലാണ് അക്വാട്ടിക് കോംപ്ളക്സില്‍. ഇവര്‍ക്കുവേണ്ട ഭൌതികസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പരാജയമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണു പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് അപകടം സംഭവിച്ചിട്ടും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയതു മണിക്കൂറുകള്‍ക്കു ശേഷമാണെന്നും ആക്ഷേപവുമുണ്ട്. വയറിംഗിന്റെ കാലപ്പഴക്കമാണു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമെന്നു സ്വിമ്മിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി. പങ്കജാക്ഷന്‍ ചൂണ്ടിക്കാട്ടി. റീവയറിംഗ് നടത്താന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിരാകരിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.