നോക്കുകൂലി നാടിനു ശാപമെന്നു ഹൈക്കോടതി
നോക്കുകൂലി നാടിനു ശാപമെന്നു ഹൈക്കോടതി
Saturday, November 22, 2014 12:18 AM IST
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നോക്കുകൂലി സമൂഹത്തിനു ശാപമായി തുടരുകയാണെന്നു ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ കാവല്‍നായ്ക്കളുടെ ജോലിയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ പണമോ ഭക്ഷണമോ ആവശ്യപ്പെടാമായിരുന്നുവെന്നു ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിശിത വിമര്‍ശനത്തില്‍ നിരീക്ഷിച്ചു. തൊഴിലാളി സംഘടനകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരേ തൃശൂര്‍ സ്വദേശി പോള്‍സണ്‍ സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഭരണഘടന അനുസരിച്ച് ജോലി ചെയ്യാന്‍ തയാറായി നിരവധി ആളുകള്‍ നില്‍ക്കുമ്പോഴാണ് ഒരു ജോലിയും ചെയ്യാതെ കുറേ ആളുകള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നത്.
നോക്കുകൂലി നിരോധിക്കണമെന്നു കോടതി പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ഭീഷണിപ്പെടുത്തിയും സംഘടിതശക്തി കാട്ടിയും പണം വാങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി തന്നെയാണ്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള 2007ലെ കാപ്പ നിയമപ്രകാരമുള്ള കുറ്റമാണ് നോക്കുകൂലി ആവശ്യപ്പെടുന്നത്.


തടസം ഉണ്ടാക്കിയിട്ടില്ലെന്നും പ്രവര്‍ത്തനാനുമതി ഇല്ലാതെയാണു കമ്പനി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. പ്രദേശത്തെ ചില സംഘടിത തൊഴിലാളികള്‍ ഉണ്ടാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നടപ്പാക്കുന്നത്.

അവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിച്ച് ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് കമ്പനിക്കു പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ഇതിനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ചെറുകിട വ്യവസായ സംരംഭത്തിനായി കൊണ്ടുവന്ന യന്ത്രങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചു മാത്രം ഇറക്കാവുന്നതായിരുന്നു. ഇതിനാണു തൊഴിലാളി സംഘടനകള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. തൊഴിലാളികള്‍ ഇനിയും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.