തമിഴ്നാട് പിടിച്ചിടത്തു കെട്ടി; മുല്ലപ്പെരിയാറില്‍ വെള്ളം 142 അടി
Saturday, November 22, 2014 12:03 AM IST
കുമളി: കേരളത്തിന്റെ ആശങ്കയും സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അന്ത്യശാസനവും തമിഴ്നാട് അവഗണിച്ചു. തമിഴ്നാട് അവരുടെ ലക്ഷ്യം കൈ വരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ സുപ്രീംകോടതി നല്‍കിയ അനുമതി നടപ്പാക്കി തമിഴ്നാട്അവരുടെ ധാര്‍ഷ്ട്യം പ്രകടമാക്കി.

ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ത്തരുതെന്നും 142 അടിയില്‍നിന്നും താഴ്ത്തിനിര്‍ത്തണമെന്നും മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍.എ.വി. നാഥന്‍ രേഖാമൂലം നല്‍കിയ നിര്‍ദേശമാണ് ലംഘിക്കപ്പെട്ടത്. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ അടിയന്തരഘട്ടമുണ്ടായാല്‍ ജലനിരപ്പ് പെട്ടെന്നു താഴ്ത്താന്‍ കഴിയാതെവരുമെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ അംഗംകൂടിയായ എല്‍.എ.വി. നാഥന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതു തമിഴ്നാട് അംഗീകരിച്ചില്ല.

വെള്ളം താഴ്ത്തിനിര്‍ത്തണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിനും തെല്ലും വിലകല്‍പ്പിക്കാതെയാണ് തമിഴ്നാട് അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലെത്തിച്ചത്. ജലനിരപ്പ് പരമാവധിയിലെത്തിക്കാന്‍ വ്യാഴാഴ്ച തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കും ഇവര്‍ നിര്‍ത്തിവച്ചിരുന്നു. രാത്രിയോടെ മഴ ശക്തമായതിനെത്തുടര്‍ന്നാണ് രാ ത്രി എട്ടിനുശേഷം ഇവര്‍ വെ ള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കാന്‍ തുടങ്ങിയത്.


എങ്കിലും ഇന്നലെ പുലര്‍ച്ചെ രണ്േടാടെ ജലനിരപ്പ് 142 അടിയിലെത്തി. ഇപ്പോള്‍ തമിഴ്നാടിന് കൊണ്ടുപോകാവുന്ന പരമാവധി അളവിലാണ് വെള്ളം ഒഴുക്കിക്കൊണ്ടിരിക്കുന്നത്. മൂന്നു പെന്‍സ്റോക്ക് പൈപ്പുകളിലൂടെയും ഫോര്‍ബേഡാം തുറന്നുവച്ച് ഇരച്ചില്‍പാലത്തിലൂടെയുമാണ് വെള്ളം കൊണ്ടുപോകുന്നത്. സെക്കന്‍ഡില്‍ 1974 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള വെള്ളമൊഴുക്ക് സെക്കന്‍ഡില്‍ 1850 ഘനയടി വെള്ളമാണ്. ഒഴുക്കിലെ ഏറ്റക്കുറച്ചിലുകള്‍ ഡാമിലെ ജലനിരപ്പിലും പോയിന്റുകള്‍ വ്യത്യാസമുണ്ടാക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ഇവിടെ മഴ വീണ്ടും ശക്തിപ്രാപിച്ചു. 142 അടിയില്‍ കൂടുതല്‍ ജലവിതാനം ഉയര്‍ന്നാല്‍ അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും. ഇന്നലെ ഡാം പരിസരത്ത് 17.8 മില്ലിമീറ്ററും തേക്കടിയില്‍ 18 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.