യാക്കോബായ, മാര്‍ത്തോമ സഭകളുടെ സഹകരണം: ചര്‍ച്ച ആരംഭിച്ചു
യാക്കോബായ, മാര്‍ത്തോമ സഭകളുടെ സഹകരണം: ചര്‍ച്ച ആരംഭിച്ചു
Saturday, November 22, 2014 12:26 AM IST
കൊച്ചി: ദൈവശാസ്ത്ര മേഖലയിലും സാമൂഹ്യസേവന രംഗത്തും അജപാലന ശുശ്രൂഷയിലും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാനായി യാക്കോബായ സഭയും മാര്‍ത്തോമ സഭയും ചേര്‍ന്ന് ഉപസമിതിക്കു രൂപം നല്‍കി. ഇരുസഭകളുടെയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിയോഗിച്ച ഡയലോഗ് കമ്മീഷന്റെ പ്രഥമ യോഗം ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

പൊതുവായ സുറിയാനി പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഉടമകള്‍ എന്ന നിലയില്‍ ഇരുസഭകളും സഹകരണത്തിന്റെയും ഐക്യത്തിന്റെയും പുതിയ മേഖലകള്‍ കണ്െടത്താനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് ആലുവയില്‍ തുടക്കം കുറിച്ചത്. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മാര്‍ത്തോമാ സഭാ മേലധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയും സംയുക്തമായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വിഭാഗീയത മാനുഷിക ബലഹീനത കൊണ്ട് ഉണ്ടാകുന്നതാണെന്നും ഐക്യം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുസ്മരിപ്പിച്ചു.


നൂറ്റാണ്ടുകളായി രണ്ടു സഭകളായി നിലനില്‍ക്കുമ്പോഴും ഇരുസഭകളും തമ്മില്‍ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത തുടര്‍ന്നുവന്നത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞു.

യാക്കോബായ സഭയെ പ്രതിനിധാനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക ബാവയോടൊപ്പം മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ അഫ്രേം, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരും ഡോ. ആദായി ജേക്കബ് കോര്‍എപ്പിസ്കോപ്പയും പങ്കെടുത്തു. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയോടൊപ്പം സഭയെ പ്രതിനിധീകരിച്ച് ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ, റവ. ഡോ. കെ.ജി. പോത്തന്‍, റവ. ഡോ. ജോര്‍ജ് മാത്യു, റവ. ഡോ. പ്രകാശ് കെ. ജോര്‍ജ്, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.