ബാറുടമകളുടെ ആരോപണത്തെ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുക്കും
ബാറുടമകളുടെ ആരോപണത്തെ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുക്കും
Sunday, November 23, 2014 11:59 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ധനമന്ത്രി കെ.എം. മാണിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബാറുടമകളുടെ നീക്കത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു. യോഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇതിനകം തെളിഞ്ഞു. മദ്യവിപത്തില്‍നിന്നു സമൂഹത്തെ രക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു ബാറുകള്‍ പൂട്ടിയത്. ആ തീരുമാനത്തിന്റെ സാഹചര്യത്തില്‍ പ്രതികാരമനോഭാവത്തോടെയാണു ബാറുടമകള്‍ ഗവണ്‍മെന്റിനെ കാണുന്നത്. തീരുമാനത്തില്‍ പങ്കാളികളായ പ്രധാന നേതാക്കളുടെ പേരില്‍ രാഷ്ട്രീയ പകപോക്കല്‍ നടത്താന്‍ കള്ളക്കഥകള്‍ ചമയ്ക്കുന്നതിന്റെ ഭാഗമായാണ് ആരോപണം. അന്‍പതു വര്‍ഷത്തിലേറെയായി സജീവമായി രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച കെ.എം. മാണി ഉന്നത രാഷ്ട്രീയമൂല്യം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന നേതാവാണ്. ബാറുടമകള്‍ ഉന്നയിച്ച ആരോപണ ത്തെ എല്ലാ നിലയിലും ശക്തമായി പ്രതിരോധിക്കും- പ്രമേയം പറയുന്നു. മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ താനാണു പ്രമേയം അവതരിപ്പിച്ചതെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ കോടതിയില്‍ പോകുമെന്നു പ്രഖ്യാപിച്ചിരിക്കെ ആവശ്യമെങ്കില്‍ യുഡിഎഫ് കണ്‍വീനറും കോടതിയെ സമീപിക്കും. മാണിക്കെതിരായ ആരോപണത്തെ ചെറുക്കാനായി എല്ലാ നടപടികളും കൈക്കൊള്ളും.


ബാര്‍ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീല്‍ 25നു സമര്‍പ്പിക്കും. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ നേരത്തേതന്നെ അറിയിച്ചതാണ്. അപ്പീല്‍ നല്‍കാനുള്ള സമയം 29 വരെയുണ്െട ങ്കിലും കോടതിക്കു കൊടുത്ത ഉറപ്പു പാലിക്കുന്നതിനായി 25നു തന്നെ സമര്‍പ്പിക്കും. ബാറുടമകളെ സഹായിക്കാനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്കച്ചന്‍ പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണു യുഡിഎഫിന്റെ നയം. അത് ഘട്ടംഘട്ടമായി നടപ്പിലാക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു മുന്നോട്ടുപോകാന്‍ യുഡിഎഫ് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

ദേശീയപാതയോരത്തുള്ള ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകള്‍ അടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. 139 വില്പനശാലകളാണുള്ളത്. ഇവ ഘട്ടംഘട്ടമായി എത്രയും വേഗം അടച്ചുപൂട്ടണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ക്ളബ്ബുകളുടെ ബാര്‍ ലൈസന്‍സ്, ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ്, പുതിയ ഫൈവ് സ്റാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് എന്നിവ സംബന്ധിച്ചു പിന്നീടു തീരുമാനിക്കും. ഇക്കാര്യത്തില്‍ കോടതിയിലുള്ള കേസുകളില്‍ വിധി വരുന്നതു കാത്തിരിക്കുകയാണ്. എട്ട് ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ കൊടുക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്.- അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.