മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വിഎസ്ഡിപിയുടെ കിടപ്പുസമരം ഇന്ന്
Sunday, November 23, 2014 11:36 PM IST
കോട്ടയം: നാടാര്‍ സമുദായത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഇന്നു പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കിടപ്പുസമരം നടത്തും. രാവിലെ 5.30 മുതലാണു പ്രതിഷേധ സമരം. കിടപ്പു സമരം ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രശ്നത്തില്‍ രമ്യമായ പരിഹാരം നേടിയെടുക്കുന്നതുവരെ കിടപ്പുസമരവുമായി മുന്നോട്ടുപോകുമെന്ന് വിഎസ്ഡിപി പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ വിവിധ ചര്‍ച്ചകളില്‍ സമുദായത്തിന്റെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ പരിഹരിക്കാമെന്നു മുഖ്യമന്ത്രി സമുദായ നേതാക്കള്‍ക്ക് ഉറപ്പുനല്കിയിരുന്നതാണെന്ന് വിഎസ്ഡിപി പറഞ്ഞു.


സമുദായാചാര്യന്‍ വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാര്‍ച്ച് 12 പൊതു അവധിയായി പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ലഹരി നിര്‍മാര്‍ജ്ജനം നടപ്പിലാക്കുക, ഭൂരഹിതരായ നാടാര്‍ സമുദായ അംഗങ്ങള്‍ക്ക് ഭൂമിയും വീടും നല്കുക, ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം നല്കുക, വിദ്യാഭ്യാസ രംഗത്ത് സമസ്ത മേഖലയിലും നാടാര്‍ സമുദായാംഗങ്ങള്‍ക്ക് അഞ്ചുശതമാനം സംവരണം നടപ്പിലാക്കുക തുടങ്ങി ഒമ്പതിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയാണു പ്രതിഷേധസമരം. പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, രാംഭായി ചന്ദ്രന്‍, എം.പി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.