മുഖപ്രസംഗം: സബ്സിഡി പിന്‍വലിക്കാന്‍ സമയമായില്ല
Tuesday, November 25, 2014 1:10 AM IST
സബ്സിഡികളെ സംബന്ധിച്ചു ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി നടത്തിയ ചില പരാമര്‍ശങ്ങള്‍ സമീപഭാവിയില്‍ സബ്സിഡികളില്‍ വന്‍ വെട്ടിക്കുറവു വരുത്തുന്നതിന്റെ സൂചനയായി കണക്കാക്കാം. അര്‍ഹിക്കുന്നവര്‍ക്കു മാത്രമായി സബ്സിഡി നിജപ്പെടുത്തേണ്ടതുണ്െടന്ന ജയ്റ്റ്ലിയുടെ പ്രസ്താവനയില്‍ പുറമേ ദുസ്സൂചന തോന്നിയേക്കില്ല. എന്നാല്‍, ആരാണ് അര്‍ഹിക്കുന്നവര്‍ എന്ന കാര്യത്തിലേക്കു കടക്കുമ്പോള്‍ പ്രശ്നം തലയുയര്‍ത്തും. 125 കോടിയിലേറെ ജനങ്ങളുള്ള ഈ രാജ്യത്തെ വൈവിധ്യമാര്‍ന്ന സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങള്‍ വേണ്ടവിധത്തില്‍ വിലയിരുത്തിവേണം ഇത്തരമൊരു കാര്യത്തില്‍ നയം രൂപവത്കരിക്കാന്‍.

ഭക്ഷ്യ സബ്സിഡിയുടെ കാര്യത്തില്‍ ലോകവ്യാപാര സംഘടനയുമായി വിയോജിച്ചു ശക്തമായ നിലപാടെടുത്ത ഇന്ത്യ ഈ വിഷയത്തില്‍ അമേരിക്കയുടെയും വന്‍ശക്തി രാഷ്ട്രങ്ങളുടെയും പുറകേ പോകാന്‍ തയാറല്ലെന്നു വ്യക്തമാക്കിയിരുന്നു. ഭക്ഷ്യസബ്സിഡി കാര്യത്തില്‍ ബാലി കരാര്‍ തള്ളിക്കളഞ്ഞ ഇന്ത്യ, ഇക്കാര്യത്തില്‍ സമയപരിധി സാധ്യമല്ലെന്നു നിലപാടെടുക്കുകയും അത് അമേരിക്കയെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. എന്നാല്‍, അതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ അയവു കാണുന്നു. ധനകാര്യമന്ത്രി സബ്സിഡിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ആ അയവു തികച്ചും വ്യക്തമാക്കുന്നുണ്ട്.

ദാരിദ്യ്രരേഖയ്ക്കു താഴെ കഴിയുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഈ രാജ്യത്തുണ്ട്. സമ്പന്നരുടെ ന്യൂനപക്ഷം രാജ്യത്തെ മൊത്തം സമ്പത്തിന്റെ മുന്തിയ പങ്കു കൈവശം വയ്ക്കുന്നു. ഇടത്തരം വരുമാനക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്െടങ്കിലും തീര്‍ത്തും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന അനേകലക്ഷങ്ങളെ ഒഴിവാക്കി ചിന്തിക്കാന്‍ രാജ്യം വളര്‍ന്നിട്ടില്ലെന്ന കാര്യം ആരും വിസ്മരിക്കരുത്. സര്‍ക്കാരില്‍നിന്നു കിട്ടുന്ന ചെറിയ ആനുകൂല്യത്തിനുവേണ്ടി വന്ധ്യംകരണത്തിനു വിധേയരായി, കാലാവധി കഴിഞ്ഞ മരുന്നു കഴിച്ച,് സ്ത്രീകള്‍ മരണമടഞ്ഞ സംഭവം നടന്നിട്ടു ദിവസങ്ങളേ ആയുള്ളൂ. കേരളത്തിലെ ആദിവാസി ഊരുകളില്‍ പോഷകാഹാരക്കുറവുമൂലം പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവവും പഴയതല്ല. അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങള്‍ ഈ രാജ്യത്തു സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നുണ്ട്. 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ഇത്തരം കറുത്ത വശങ്ങള്‍ സര്‍ക്കാരിനു കണ്ടില്ലെന്നു നടിക്കാനാവില്ല.

താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പാചകവാതക സബ്സിഡി ലഭിക്കുന്നതു ന്യായമാണോ എന്നു ധനമന്ത്രി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ അതിസമ്പന്നരായ മന്ത്രിമാരില്‍ ഒരാളാണ് അരുണ്‍ ജയ്റ്റ്ലി. മിക്കവാറും കേന്ദ്രമന്ത്രിമാരെല്ലാം കോടീശ്വരന്മാരാണെന്ന് അവര്‍ നല്‍കിയിട്ടുള്ള സ്വത്തുവിവരരേഖകളില്‍നിന്നു വ്യക്തമാണ്. അത്തരക്കാര്‍ തീര്‍ച്ചയായും സബ്സിഡി അര്‍ഹിക്കുന്നില്ല. പക്ഷേ, തന്നെപ്പോലെയുള്ള കോടീശ്വരന്മാര്‍ എത്രയോ ചുരുക്കമാണെന്നും ദിവസം ഒരുനേരം ഭക്ഷണം കിട്ടാതെ വലയുന്ന ലക്ഷക്കണക്കിനു പാവങ്ങളുണ്െടന്നും മന്ത്രി കാണാതിരിക്കരുത്. പാചകവാതക സബ്സിഡി അനര്‍ഹര്‍ വാങ്ങുന്നത് ഒഴിവാക്കുന്നതു തികച്ചും ന്യായം തന്നെ. ലക്ഷക്കണക്കിനു രുപ ദിവസ വരുമാനമുള്ളവര്‍ക്കും ദിവസം അമ്പതു രൂപയ്ക്കുതാഴെ വരുമാനമുള്ളവര്‍ക്കും ഒരുപോലെ സബ്സിഡി നല്‍കുന്ന സംവിധാനം അശാസ്ത്രീയമാണ്.


ലക്ഷക്കണക്കിനു ദരിദ്രരുള്ള രാജ്യത്തു സബ്സിഡി പൂര്‍ണമായി വേണ്െടന്നു വയ്ക്കാനാവില്ല എന്നു കേന്ദ്ര ധനമന്ത്രി പറഞ്ഞത് അദ്ദേഹത്തിനു യാഥാര്‍ഥ്യബോധമുണ്െടന്നു സൂചിപ്പിക്കുന്നു. അതേസമയം സമ്മര്‍ദങ്ങള്‍ കാരണം സബ്സിഡി സംബന്ധിച്ച് വികസിതരാജ്യങ്ങളുടെ ചുവടുപിടിച്ചുള്ള നിലപാടു സ്വീകരിച്ചാല്‍ അതു വലിയ പ്രത്യാഘാതങ്ങളുളവാക്കും. ഒരു സര്‍ക്കാര്‍ ആ രാജ്യത്തെ ഏറ്റവും ദുര്‍ബലരും പിന്നോക്കാവസ്ഥയിലുള്ളവരുമായ ആളുകളെക്കുറിച്ചാവണം ഏറ്റവും ഉത്കണ്ഠപ്പെടേണ്ടത്. പുറംപൂച്ചിലൂടെ മാത്രം ഒരു രാജ്യത്തിന് ഏറെനാള്‍ തിളങ്ങി നില്‍ക്കാനാവില്ല. അതേസമയം രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയുമൊക്കെ ജീവിതനിലവാരംകൂടി മെച്ചപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായൊരു വികസനനയം എവിടെയും തലയുയര്‍ത്തി നില്‍ക്കാന്‍ നമ്മെ സഹായിക്കും.

അടുത്തകാലത്ത് ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ അഞ്ചരക്കോടി ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വെളിമ്പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നതെന്നു കണ്െടത്തിയിരുന്നു. ബാക്കി 120 കോടിയോളം ജനങ്ങള്‍ക്ക് ആ ദൌര്‍ഭാഗ്യം ഇല്ലെന്നൊരു പരോക്ഷ അംഗീകാരം അതിലുണ്ട്. അത് അത്ര ചെറിയ കാര്യമല്ലെങ്കിലും യുഎന്‍ പറയുന്ന ആ അഞ്ചരക്കോടിയെ നമുക്കു വിട്ടുകളയാനാവില്ല. അവരുടെ ജീവിത സാഹചര്യങ്ങളിലും മാറ്റമുണ്ടാകണം. കാര്‍ഷിക മേഖലയിലും ഇപ്പോള്‍ പല തരത്തിലുള്ള സബ്സിഡികള്‍ നല്‍കിവരുന്നുണ്ട്. കര്‍ഷകര്‍ക്കു നല്‍കുന്ന ഈ കൈത്താങ്ങ് പെട്ടെന്നു നിര്‍ത്തലാക്കിയാല്‍ എന്താവും സ്ഥിതി?

ആര്‍ക്കാണു കൊടുക്കുന്നതെന്നറിയാതെയും കണക്കില്ലാതെയും സബ്സിഡി നല്‍കുന്നത് എല്ലാക്കാലവും തുടരാനാവില്ലെന്നു ജയ്റ്റ്ലി പറയുന്നു. അര്‍ഹരായവരെ തിരിച്ചറിഞ്ഞ് അവര്‍ക്കു സബ്സിഡി നല്‍കണമെന്ന കാര്യം നല്ലതുതന്നെ. ധനക്കമ്മി വര്‍ധിപ്പിക്കുന്നവിധത്തില്‍ സബ്സിഡിക്കായി വന്‍തുക മാറ്റിവയ്ക്കുമ്പോള്‍ വരുംതലമുറയെ കടക്കെണിയിലാക്കുകയാണു നാം ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. സമ്പന്നര്‍ക്കു നല്‍കിവരുന്ന സബ്സിഡിയുടെ ഭാരം നാളത്തെ തലമുറയുടെ തലയില്‍ കെട്ടിവയ്ക്കരുതെന്ന ഉദ്ദേശ്യശുദ്ധി തികച്ചും ശരിയാണ്. പക്ഷേ, അതിനായി സ്വീകരിക്കുന്ന നടപടികളും മാനദണ്ഡങ്ങളും പ്രധാനമാണ്. പാവപ്പെട്ടവരെ മറന്നുകൊണ്ടുള്ള സബ്സിഡി വെട്ടിച്ചുരുക്കല്‍ ഏതായാലും ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.