വെച്ചൂരിലും തലയാഴത്തും പരിശോധനയില്‍ പക്ഷിപ്പനി കണ്െടത്താനായില്ല
Friday, November 28, 2014 1:01 AM IST
വൈക്കം: വെച്ചൂര്‍, തലയാഴം എന്നിവിടങ്ങളില്‍ ചത്ത താറാവുകളുടെ ആദ്യ പരിശോധനാഫലത്തില്‍ പക്ഷിപ്പനിയില്ലെന്നു റിപ്പോര്‍ട്ട് ലഭിച്ചതായി ജില്ലാ വെറ്ററിനറി ചീഫ് ഡോ. സാലിയമ്മ. തലയാഴത്തും വെച്ചൂരിലും രോഗം ബാധിച്ചുചത്ത ചില താറാവുകളില്‍നിന്നു ശേഖരിച്ച സാമ്പിള്‍ പരിശോധനയുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്.

തിരുവല്ലയിലെ എസിഡിഎല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവാണെന്നാണു റിപ്പോര്‍ട്ട് കിട്ടിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പക്ഷിപ്പനിയല്ലെന്നു സ്ഥിരീകരിക്കാനാവില്ലെന്നും ഡോ.സാലിമ്മ വ്യക്തമാക്കി.

അതിനാല്‍ വിശദമായ പരിശോധനയ്ക്കായി സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ. രോഗം ബാധിച്ചു നിശ്ചിത ദിവസത്തിനകം പരിശോധന നടത്തിയാല്‍ മാത്രമേ യഥാര്‍ഥ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂവെന്നും ഡോക്ടര്‍ വ്യക്തമാക്കി.


രോഗം താറാവുകളെ ബാധിച്ചുവെന്ന് ഉറപ്പിച്ചു പറയാന്‍ കര്‍ഷകര്‍ക്കു കഴിയാത്ത സാഹചര്യത്തില്‍ പരിശോധനാഫലം കൃത്യമാണെന്നു പറയാനും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ തയാറാകുന്നില്ല. അതേസമയം, വെച്ചൂരിലും തലയാഴത്തും രോഗബാധമൂലം താറാവുകല്‍ ചാകുന്നതിനു കുറവുവന്നിട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.