ഭാരതസഭയുടെ ആഘോഷങ്ങള്‍ക്കു രാജഗിരിവാലി ഒരുങ്ങി
ഭാരതസഭയുടെ ആഘോഷങ്ങള്‍ക്കു രാജഗിരിവാലി ഒരുങ്ങി
Friday, November 28, 2014 1:20 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ഭാരതസഭയുടെ കൃതജ്ഞതാബലിക്കും പൊതുസമ്മേളനത്തിനും ആഘോഷങ്ങള്‍ക്കും കാക്കനാട് രാജഗിരിവാലിയിലെ ചാവറ-എവുപ്രാസ്യ നഗര്‍ ഒരുങ്ങി. അരലക്ഷം പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ പന്തല്‍ ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

വത്തിക്കാനില്‍ നാമകരണ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും മറ്റു മെത്രാപ്പോലീത്തമാരും മെത്രാന്മാരും ദേശീയ നന്ദിപ്രകാശന ചടങ്ങില്‍ പങ്കെടുക്കാനായി റോമില്‍നിന്നു തിരിച്ചെത്തിയിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് 1.30നാണ് രാജഗിരിവാലിയില്‍ ചടങ്ങുകള്‍ തുടങ്ങുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൃതജ്ഞതാബലിയര്‍പ്പണം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി എന്നിവരും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികത്വം വഹിക്കും. പ്രമുഖ ഗായകരുള്‍പ്പെടുന്ന 150 അംഗ ഗായകസംഘമാണു ഗാനശുശ്രൂഷ നയിക്കുന്നത്. കൃതജ്ഞതാബലിക്കു മുന്നോടിയായി റെക്സ്ബാന്‍ഡിന്റെ സംഗീതവിരുന്നും ഉണ്ടാകും.

സ്നേഹവിരുന്നിനെത്തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, മത, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിശുദ്ധപദവി പ്രഖ്യാപനത്തോടുബന്ധിച്ച് സിഎംഐ, സിഎംസി സഭകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യസേവന സംരംഭങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും.

രാജഗിരിവാലിയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 50,000 പേര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ സജ്ജീകരിച്ചുകഴിഞ്ഞു. പ്രധാന വേദിക്കു പുറമെ ഗായകസംഘത്തിനായി പ്രത്യേക വേദി നിര്‍മിച്ചിട്ടുണ്ട്. പന്തലിലെ എല്ലാവര്‍ക്കും പരിപാടികള്‍ വീക്ഷിക്കുന്നതിനു വലിയ സ്ക്രീനുകളും സജ്ജമാക്കും. ലഘുഭക്ഷണം വിതരണം ചെയ്യും.


പാര്‍ക്കിംഗിനു വിപുലമായ ക്രമീകരണം

കൊച്ചി: കാക്കനാട് രാജഗിരിവാലിയില്‍ നാളെ നടക്കുന്ന ഭാരതസഭയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗിനു വിപുലമായ ക്രമീകരണങ്ങള്‍. 6,500 കാറുകളും 1,000 ബസുകളും പാര്‍ക്കു ചെയ്യാന്‍ പ്രദേശത്തു സൌകര്യമുണ്ടാകും.

ആലുവ, അങ്കമാലി ഭാഗത്തുനിന്നു വരുന്ന കാറുകള്‍ തൃക്കാക്കര കാര്‍ഡിനല്‍ സ്കൂള്‍ ഗ്രൌണ്ടിലും ഭാരതമാത കോളജ് ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം. അവിടെനിന്ന് ആഘോഷവേദിയിലേക്കു പ്രത്യേക വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍നിന്നു ബസുകള്‍ ചിറ്റേത്തുകരയില്‍ ആളുകളെ ഇറക്കി വാസ്തുഗ്രാമം ജംഗ്ഷന്‍ വഴി കാക്കനാട് മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യണം.

പെരുമ്പാവൂര്‍, കോതമംഗലം, കിഴക്കമ്പലം ഭാഗങ്ങളില്‍നിന്നുള്ള കാറുകള്‍ ഇന്‍ഫോപാര്‍ക്ക് റോഡിലുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യണം. ഈ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ആഘോഷവേദിയുടെ മുന്‍വശത്ത് ആളുകളെ ഇറക്കി മുനിസിപ്പല്‍ ഗ്രൌണ്ടിലാണു പാര്‍ക്കു ചെയ്യേണ്ടത്.

എറണാകുളം, കണ്ണമാലി, വല്ലാര്‍പാടം ഭാഗങ്ങളില്‍നിന്നുള്ള കാറുകള്‍ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി ഗ്രൌണ്ടിലും എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പള്ളി ഗ്രൌണ്ടുകളിലാണു പാര്‍ക്കു ചെയ്യേണ്ടത്. ഈ ഭാഗത്തുനിന്നുള്ള ബസുകള്‍ വേദിക്കു സമീപം ആളുകളെ ഇറക്കി മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യണം.

തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, വൈക്കം ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് പള്ളി പരിസരത്തും ഇരുമ്പനം മനയ്ക്കപ്പടി ജംഗ്ഷനിലുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം.

ഈ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ വേദിക്കു സമീപം ആളുകളെ ഇറക്കി റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപത്തുള്ള കെആര്‍എല്‍ ക്വാര്‍ട്ടേഴ്സ് റോഡിന്റെ വശങ്ങളിലാണു പാര്‍ക്ക് ചെയ്യേണ്ടതെന്നു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.