ചാവറയച്ചന്‍ സ്മരിക്കപ്പെടുക വിദ്യാഭ്യാസ മേഖലയ്ക്കു നല്‍കിയ സംഭാവനകളിലൂടെ: മന്ത്രി പി.ജെ. ജോസഫ്
ചാവറയച്ചന്‍ സ്മരിക്കപ്പെടുക വിദ്യാഭ്യാസ മേഖലയ്ക്കു നല്‍കിയ സംഭാവനകളിലൂടെ: മന്ത്രി പി.ജെ. ജോസഫ്
Saturday, November 29, 2014 12:12 AM IST
മാന്നാനം: വിശുദ്ധ ചാവറയച്ചന്‍ വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകളുടെ പേരിലായിരിക്കും കേരളജനത ഒരേമനസോടെ അദ്ദേഹത്തെ ഓര്‍മിക്കുകയെന്നു മന്ത്രി പി.ജെ. ജോസഫ്. മാന്നാനം കെഇ സ്കൂളില്‍ 'വിശുദ്ധ ചാവറ ഇതിഹാസവും പൈതൃകവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പള്ളിക്കൊരു പള്ളിക്കൂടം എന്ന ആശയം അവതരിപ്പിക്കുക മാത്രമല്ല അദ്ദേഹം അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഈ പള്ളിക്കൂടങ്ങളില്‍, അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ചിന്തിക്കുകകൂടി അസാധ്യമായിരുന്നവിധം അധഃസ്ഥിതര്‍ ഉള്‍പ്പെടെ എല്ലാവരെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുകയും ചെയ്തു. ചാവറയച്ചന്‍ വെട്ടിത്തെളിച്ച പാതയിലൂടെ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്െടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പുസ്തക പ്രകാശനം നിര്‍വഹിച്ചു. അദ്ഭുതാവഹവും ആശ്ചര്യകരവും അനുകരണീയവുമായ മാതൃകവഴി വിശുദ്ധ ചാവറയച്ചന്‍ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായിത്തീര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ പുസ്തകം ഏറ്റുവാങ്ങി.ഭദ്രദീപം തെളിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണവും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയമെത്രാപ്പോലീത്ത ആശീര്‍വാദ പ്രസംഗവും നടത്തി. ബാംഗളൂര്‍ ധര്‍മാരാം റെക്ടര്‍ റവ. ഡോ. തോമസ് ഐക്കര സിഎംഐ, ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. സാജു ചക്കാലയ്ക്കല്‍, ഫാ. ബോബി ജോസ് കട്ടിക്കാട്, പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍ സിഎംഐ, പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഗ്രന്ഥരചയിതാവും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ്, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ സിഎംഐ,അഡ്വ. ജോയിസ് ചിറയില്‍, റവ. ഡോ. ഷാജി കൊച്ചുതറ സിഎംഐ, ഫാ. ജയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.