അടിസ്ഥാന മദ്യനയത്തിന്റെ അര്‍ഥമറിയാന്‍
അടിസ്ഥാന മദ്യനയത്തിന്റെ അര്‍ഥമറിയാന്‍
Thursday, December 18, 2014 12:23 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളില്‍ ഏറെ പറഞ്ഞു കേള്‍ക്കുന്ന വാക്കാണ് അടിസ്ഥാന മദ്യനയം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ. ബാബുവും മദ്യനയത്തെക്കുറിച്ച് എന്തു പറഞ്ഞാലും ഈ വാക്കു പുറത്തു ചാടും. ഈ അടിസ്ഥാന മദ്യനയം എന്താണെന്ന് പ്രതിപക്ഷത്തിന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇന്നലെ അടിയന്തരപ്രമേയത്തിന് അനുമതി തേടി ചര്‍ച്ച നടക്കുമ്പോഴും അടിസ്ഥാന മദ്യനയത്തേക്കുറിച്ചു ചോദ്യമുയര്‍ന്നു. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും വിശദീകരിച്ചു കഴിഞ്ഞപ്പോഴും അടിസ്ഥാന മദ്യനയവും മദ്യനയവും ഏതു രൂപത്തിലാണിപ്പോഴെന്നു പ്രതിപക്ഷത്തിനു ബോധ്യമായില്ല.

ദിവസങ്ങളായി ബാര്‍ക്കോഴയില്‍ പിടിച്ചുതൂങ്ങിക്കിടന്ന പ്രതിപക്ഷം ഇന്നലെ മദ്യനയത്തിലേക്കു മാറിപ്പിടിച്ചു. അടച്ചിട്ട 418 ബാറുകള്‍ക്കു കൂടി ലൈസന്‍സ് കൊടുക്കുന്നതിനായി സമ്പൂര്‍ണമദ്യനിരോധനം അട്ടിമറിക്കുന്നു എന്നായിരുന്നു നോട്ടീസ് നല്‍കി സംസാരിച്ച എ. പ്രദീപ് കുമാറിന്റെ ആക്ഷേപം. അടിസ്ഥാന നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അപ്പോള്‍ തന്നെ മന്ത്രി കെ. ബാബു അറിയിച്ചു. അടിസ്ഥാന നയമെന്നാല്‍ ഓഗസ്റ് 21നു യുഡിഎഫ് പ്രഖ്യാപിച്ച നയം. പിന്നെയുള്ളത് അന്നു തീരുമാനമെടുക്കാത്ത ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ്, ക്ളബ് ലൈസന്‍സ് തുടങ്ങിയ വിഷയങ്ങള്‍. അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഞായര്‍ ഡ്രൈഡേ പോലുള്ള വിഷയങ്ങളിലേക്കു ബാബു കടന്നതുമില്ല.

മദ്യവര്‍ജനം, മദ്യനിരോധനം, ബോധവത്കരണം തുടങ്ങിയ വാക്കുകളൊക്കെ യഥേഷ്ടം എടുത്തുപയോഗിച്ചായിരുന്നു ഇരുപക്ഷവും ന്യായവാദങ്ങള്‍ നിരത്തിയത്. മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പിണറായി വിജയന്‍ പിന്നീടു തൊഴിലാളികളുടെ കാര്യം പറഞ്ഞു നിലപാടു മാറ്റിയതാണു ബാബുവിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതത്രെ. കെപിസിസി പ്രസിഡന്റിന്റെ നിലപാട് നടപ്പിലാക്കാത്തതിലാണു പ്രതിപക്ഷത്തിനു പ്രതിഷേധം.

ഏതെങ്കിലും ഒരു കെപിസിസി പ്രസിഡന്റിന്റെ നയം നടപ്പിലാക്കാന്‍വരെ ബാബുവിനു സമ്മതമാണ്. അതു മറ്റാരുമല്ല പഴയ കെപിസിസി പ്രസിഡന്റ് കെ.പി. ഉദയഭാനു. പണ്െടങ്ങോ നിയോഗിച്ച ഉദയഭാനു കമ്മീഷന്റെ ശിപാര്‍ശകളില്‍ വീര്യം കുറഞ്ഞ മദ്യമായ കള്ളും ബീയറും പ്രോത്സാഹിപ്പിക്കാമെന്നു പറയുന്നുണ്ടത്രെ. സമ്പൂര്‍ണ മദ്യനിരോധനം ഉദയഭാനു പറയുന്നില്ലല്ലോ എന്നു കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചെങ്കിലും ബാബു അതിനു മറുപടി പറഞ്ഞു പുലിവാലു പിടിക്കാന്‍ പോയില്ല.

മദ്യവര്‍ജനമാണു തങ്ങളുടെ നയമെന്നു പ്രതിപക്ഷം തുറന്നു പറഞ്ഞു. എന്നാല്‍, മദ്യനിരോധനം പ്രഖ്യാപിച്ചിട്ട് അതു നടപ്പിലാക്കാന്‍ യുഡിഎഫുകാര്‍ തയാറാകാത്തത് അംഗീകരിക്കാന്‍ അവര്‍ തയാറല്ല. ഇപ്പോഴത്തെ പ്രതിപക്ഷം നാളെ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കുമോ എന്നു ചോദിച്ചാല്‍ അതിനു കൃത്യമായ മറുപടി പറയാന്‍ അവരും തയാറല്ല. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന മറുപടിയില്‍ പ്രതിപക്ഷവും അവസാനിപ്പിക്കും.

ആരോപണ- പ്രത്യാരോപണങ്ങളും കുറവല്ലായിരുന്നു സഭയില്‍. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ സഭയില്‍ കണ്ടതു പോലെ കടിച്ചു കീറുന്ന വാശിയൊന്നും ഇരുപക്ഷത്തിനുമില്ലായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു താത്കാലിക ലൈസന്‍സില്‍ നിന്നിരുന്ന ബാറുകളെ ക്രമവത്കരിച്ചു കൊടുത്തത്തിന്റെ പേരിലുള്ള എജി റിപ്പോര്‍ട്ട് ആയിരുന്നു ബാബുവിന്റെ ആയുധങ്ങളിലൊന്ന്. നിലവാരമില്ലാത്ത ബാറുകളുടെ നിലവാരമുയര്‍ത്താന്‍ സാവകാശം നല്‍കിക്കൊണ്ട് 2007 മാര്‍ച്ച് 12ന് ഉത്തരവിറക്കിയ അതേ സര്‍ക്കാര്‍ പിറ്റേ ദിവസം ഇതു ക്രമവത്കരിച്ചു കൊണ്ട് അടുത്ത ഉത്തരവിറക്കിയത് എന്തിനായിരുന്നു എന്നായിരുന്നു മറ്റൊരു ചോദ്യം.


യുഡിഎഫ് സര്‍ക്കാര്‍ പുതുതായി 80 ബാറുകള്‍ അനുവദിച്ചില്ലേ എന്നായി പ്രതിപക്ഷത്തുനിന്ന് എ.കെ. ബാലന്‍. അറുപതേ അനുവദിച്ചിട്ടുള്ളു എന്നു മന്ത്രി കെ. ബാബുവിന്റെ തിരുത്ത്. 162 ബാറുകള്‍ അഞ്ചു വര്‍ഷം കൊണ്ട് അനുവദിച്ചവരാണോ തങ്ങളെ അറുപതിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കുന്നതെന്നൊരു മറുചോദ്യം കൂടി.

അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറന്നു കൊടുക്കാമെന്നു പ്രതിപക്ഷം ബാറുകാര്‍ക്ക് ഉറപ്പു കൊടുത്തു കഴിഞ്ഞെന്നും ബാബു ആരോപിച്ചു. ബാറുടമകളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു മറ്റൊരു ആരോപണം കൂടി. ബാറുകാര്‍ വിചാരിച്ചാല്‍ എങ്ങനെ സര്‍ക്കാര്‍ താഴെവീഴുമെന്നു കോടിയേരിക്കു സംശയം. അതിന് എംഎല്‍എമാര്‍ ചേരി മാറണ്േട. ഏതായാലും ആ വഴി ബാബു വിശദീകരിച്ചില്ല.

ഏതായാലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടിസ്ഥാന മദ്യനയത്തേക്കുറിച്ച് ഒരു തവണ കൂടി വിശദീകരിച്ചു. അതില്‍ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. മദ്യത്തിന്റെ വ്യാപനം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥമായ നടപടികളെക്കുറിച്ചും വിശദീകരിച്ചു. മദ്യനിരോധനവും മദ്യവര്‍ജനവും സമന്വയിപ്പിച്ചു കൊണ്ടുള്ള മദ്യനയമാണു സര്‍ക്കാരിന്റേതെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി. മദ്യത്തിനു വിട എന്നൊരു പുതിയ മുദ്രാവാക്യം കൂടി മുഖ്യമന്ത്രി മുന്നോട്ടു വച്ചു. എന്നാല്‍, പിന്നെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കില്ലെന്നു പറയാമോ എന്നായി സി. ദിവാകരന്‍. തീരുമാനിക്കാത്ത കാര്യം എങ്ങനെ പറയുമെന്ന ധര്‍മസങ്കടമാണു മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ മറുപടി കഴിഞ്ഞതോടെ പതിവു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ബാധ്യത മാത്രമേ പ്രതിപക്ഷത്തിനുണ്ടായിരുന്നുള്ളു. വാക്കൌട്ടിനായി എഴുന്നേറ്റ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോടൊരു അഭ്യര്‍ഥന നടത്തി. അടിസ്ഥാനപരമായ നയം എന്ന പല്ലവി ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കാനുള്ള മര്യാദ കാണിക്കണം. ശരാശരി മലയാളമറിയാവുന്നവര്‍ പറയുന്നത് അടിസ്ഥാനപരമായ നയം മാറ്റമെന്നാണത്രെ.

കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ ജീവിച്ചിരുന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെട്ടിപ്പിടിച്ചു ചുംബിക്കുമായിരുന്നു എന്നാണു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അതിനു വി.എസ്. ചെറിയൊരു ഭേദഗതി വരുത്തി. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചു സത്യമാക്കാമെന്ന സിദ്ധാന്തം കണ്ടു പിടിച്ച ഗീബല്‍സ് ജീവിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാല്‍തൊട്ടു വണങ്ങുമായിരുന്നത്രെ. നിങ്ങളിങ്ങനെ കള്ളച്ചിരി ചിരിച്ചിരിക്കരുതെന്നൊരു ഉപദേശവും വി.എസ് നല്‍കി. സിബിഐക്കു മുമ്പില്‍ തെളിവു കൊടുക്കാന്‍ പോകുന്ന മന്‍മോഹന്‍ സിംഗിന്റെ ഗതിയായിരിക്കും ഉമ്മന്‍ ചാണ്ടിയെയും കാത്തിരിക്കുന്നതെന്ന കാര്യത്തില്‍ വി.എസിനു സംശയമേയില്ലായിരുന്നു.

ഏതായാലും ഭരണ- പ്രതിപക്ഷം ആസ്വദിച്ചു നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തികഞ്ഞ അച്ചടക്കത്തോടെ മുദ്രാവാക്യം വിളിയോ ബഹളമോ ഇല്ലാതെ പ്രതിപക്ഷം വാക്കൌട്ട് നടത്തി. ഭരണപക്ഷത്തിനും സന്തോഷം മാത്രം.

കഴിഞ്ഞ ദിവസങ്ങളില്‍ സഭ സ്തംഭിച്ചതു കൊണ്ടു സബ്മിഷനുകള്‍ ധാരാളമായിരുന്നു. 32 സബ്മിഷനുകള്‍ കഴിഞ്ഞപ്പോള്‍ സമയം ഉച്ചയായിരുന്നു. പിന്നീടു കേരള മാരിടൈം ബില്ല് പാസാക്കുന്നതിനു തൊട്ടു മുമ്പു പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു വാക്കൌട്ട് നടത്തി. മടങ്ങിയെത്തിയ പ്രതിപക്ഷം കടകളും വാണിജ്യസ്ഥാപനങ്ങളും ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. രണ്ടു ബില്ലും പാസാക്കി സഭ പിരിയുമ്പോള്‍ ഇരുട്ടിയിരുന്നു. ഡിസംബര്‍ ഒന്നിന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.