ഇടയര്‍
ഇടയര്‍
Saturday, December 20, 2014 1:11 AM IST
താരകവഴിയേ/ ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്


കാലിത്തൊഴുത്തിലേക്കുള്ള യാത്രയില്‍ ഒരുപറ്റം ആട്ടിടയരുടെ ആര്‍പ്പുവിളി കേള്‍ക്കുന്നുണ്ട്. രക്ഷകസവിധത്തിലേക്കു തിടുക്കത്തില്‍ പോകുന്നവരുടെ ആനന്ദനാദം! പുണ്യപ്പിറവിയുടെ സുവാര്‍ത്ത ആദ്യമായി ലഭിച്ചത് ആ പാവങ്ങള്‍ക്കാണ്. ദിവ്യപൈതലിന്റെ കന്നിദര്‍ശനം കിട്ടിയതും അവര്‍ക്കു തന്നെ. എന്നാല്‍, ആ മഹാഭാഗ്യം കരഗതമായതിനു പിന്നില്‍ കരുതലിന്റെയും കാത്തിരിപ്പിന്റെയും മണിക്കൂറുകളും മനോഭാവവുമൊക്കെയുണ്ട്. എല്ലാം മറന്ന് കിടന്നുറങ്ങിയവര്‍ ആയിരുന്നില്ല അവര്‍. പിന്നെയോ, തങ്ങളുടെ സംരക്ഷണത്തിലുള്ള ആട്ടിന്‍കൂട്ടം വിശ്രമിച്ചുറങ്ങിയ രാവിന്റെ യാമങ്ങളില്‍ കണ്ണിമപൂട്ടാതെ കാവലിരുന്നവരായിരുന്നു അവര്‍. മിഴികള്‍ക്കുള്ളിലെ മയക്കം മാറ്റിവച്ച് ആടുകളുടെ രക്ഷയ്ക്കായി ഉണര്‍ന്നിരിക്കുന്നവര്‍.

ഇടയരുടെ മനോഭാവം നീയും സ്വന്തമാക്കണം. നിന്റെ പ്രിയരെക്കുറിച്ചും നിനക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെക്കുറിച്ചും നീയും കരുതലുള്ളവനാകണം. അവരെ പോറ്റാനും പരിപാലിക്കാനും നിനക്കു കടമയുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറരുത്. നിന്റെ അശ്രദ്ധയും അലസതയും വലിയ ആപത്തിലേക്ക് അവരെ കൊണ്െടത്തിക്കും. കാത്തിരിപ്പിന്റെ മനോഭാവവും നിനക്കു വേണം. ദൈവദര്‍ശനത്തിനും ദൈവാനുഭവത്തിനുമായി നീയും കാത്തിരുന്നേ പറ്റൂ. പ്രാര്‍ഥനകള്‍ക്കു പ്രത്യുത്തരം ലഭിക്കാതെ വരുമ്പോഴും ദൈവം ഉറങ്ങുകയാണെന്നു തോന്നുമ്പോഴുമൊക്കെ കൂടുതല്‍ ക്ഷമയോടും പ്രത്യാശയോടും വിശ്വാസത്തോടും കൂടെ കാത്തിരിക്കാന്‍ നിനക്കാവണം. കാത്തിരിക്കുന്നവര്‍ക്കും കാതോര്‍ക്കുന്നവര്‍ക്കുമാണു കര്‍ത്താവിനെ കാണാന്‍ കഴിയുക. ഒപ്പം, ഒന്നുകൂടി ഓര്‍ക്കാം. നിന്റെ ജീവിതത്തില്‍ നിന്നെ കാത്തിരിക്കുന്ന കുറേപ്പേരുമുണ്ട്. അവരുടെ പേരുകള്‍ നിനക്കു മനഃപാഠമായിരിക്കണം. അവരുടെ ആവശ്യങ്ങളെയും ആകുലതകളെയും അസ്വസ്ഥതകളെയും നീ നന്നായി അറിയണം. അജങ്ങളെ പൂര്‍ണമായി അറിയുമ്പോഴേ നീ നല്ലയിടയനാകൂ.


അന്തിയില്‍ നീ കൊണ്ടുചെല്ലുന്നതുംകൊണ്ടു വിശപ്പടക്കാന്‍ നിന്റെ പുരവാതില്ക്കല്‍ പാര്‍ത്തിരിക്കുന്നവരുണ്ട്. അവരെക്കുറിച്ചുള്ള ചിന്ത നിനക്കുണ്ടാവണം. ദുശ്ശീലങ്ങളിലും ദുര്‍മാര്‍ഗങ്ങളിലും അലഞ്ഞുതിരിഞ്ഞു സ്വന്തം വീട്ടിലേക്കുള്ള വഴി പോലും തിരിയാതെ നീ നട്ടംതിരിയുമ്പോള്‍ നിന്റെ വരവും നോക്കിയിരിക്കുന്നവരുടെ നയനങ്ങളാണു നനയുന്നതെന്നു നീ മറക്കരുത്.

ഇടയരെപ്പോലെ കരുതാനും കാത്തിരിക്കാനുമാണു നല്ലിടയനായവന്‍ നരനായി ജന്മമെടുത്തത്. അവനെ അനുഗമിക്കണമെങ്കില്‍ നീയും അവന്റെ ഹൃദയത്തോട് അനുരൂപപ്പെടണം.താരകവഴിയേ തൊഴുത്തിലേക്ക് ഇക്കുറി നീ നടന്നുനീങ്ങുമ്പോള്‍ ഇങ്ങനെയുള്ള ചില ചെറുചിന്തകള്‍ നിന്റെ ഊന്നുവടിയായാല്‍ നന്ന്. തട്ടിവീഴാതെ അതു നിന്നെ താങ്ങിക്കൊള്ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.