മുഖപ്രസംഗം: ക്രൈസ്തവരെ അപമാനിക്കാന്‍ ആസൂത്രിത നീക്കം
Monday, December 22, 2014 11:44 PM IST
കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ അപകടകരമായ അജന്‍ഡ ഓരോന്നായി മറനീക്കി പുറത്തുവരുന്നു. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുന്ന ദിവസം ഇന്ത്യയിലെ സര്‍വകലാശാലകളില്‍ സദ്ഭരണദിനം ആഘോഷിക്കാന്‍ യുജിസി നല്‍കിയിരിക്കുന്ന നിര്‍ദേശം കരുതിക്കൂട്ടിയുള്ള ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നു സംശയിക്കാതിരിക്കാന്‍ നിവൃത്തിയില്ല. യുജിസി ഉള്‍പ്പെടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ മൊത്തം നിയന്ത്രണമുള്ള കേന്ദ്ര മാനവശേഷി വകുപ്പിന്റെ മന്ത്രിയായി ആര്‍എസ്എസ് ആശീര്‍വാദത്തോടെ അധികാരത്തിലെത്തിയ സ്മൃതി ഇറാനി, സംഘപരിവാറിന്റെ പദ്ധതി വളരെ ആസൂത്രിമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നു കരുതണം. ക്രിസ്മസിനു ജവഹര്‍ നവോദയ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന സര്‍ക്കുലറിനെതിരേ പാര്‍ലമെന്റില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നപ്പോഴാണ് അതു പിന്‍വലിക്കാന്‍ മന്ത്രി തയാറായത്. ഇപ്പോള്‍ യുജിസി സെക്രട്ടറി ഡോ. ജസ്പാല്‍ എസ്. സന്ധു ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍ അതില്‍നിന്നു ഭിന്നമല്ല.

നവോദയയില്‍ നടക്കാതെ പോയതു സര്‍വകലാശാലകളില്‍ നടത്താനുള്ള ശ്രമമാണു കേന്ദ്ര സര്‍ക്കാരിന്റേത്. അതിനു രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന യുജിസിയെത്തന്നെ കരുവാക്കാന്‍ മുതിര്‍ന്നു. ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ സദ്ഭരണദിനത്തോടനുബന്ധിച്ചു 'സാങ്കേതികവിദ്യയും നൂതനാശയങ്ങളും സദ്ഭരണ പ്രോത്സാഹനത്തിന്’' എന്ന വിഷയത്തെക്കുറിച്ചു സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു പ്രസംഗമത്സരം നടത്തണമെന്നാണു രാജ്യത്തെ എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കുമായുള്ള അറിയിപ്പില്‍ യുജിസി സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശം യുജിസിയുടെ സൈറ്റിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.

സദ്ഭരണ ദിനത്തോടനുബന്ധിച്ചു നടക്കുന്ന ഈ മത്സരത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിലൂടെ സാര്‍വദേശീയമായി നടക്കുന്ന ഒരു ആഘോഷത്തിന്റെ പ്രഭ കെടുത്താമെന്നാണു കേന്ദ്രസര്‍ക്കാര്‍ വിചാരിക്കുന്നതെങ്കില്‍ അതു സദ്ഭരണത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയ്ക്കു മാത്രമേ മങ്ങലേല്പിക്കൂ. നവോദയ, യുജിസി സര്‍ക്കുലറുകള്‍ വ്യക്തമായ തെളിവുകളായിരിക്കേ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനാണു മന്ത്രിമാരായ വെങ്കയ്യ നായിഡുവും ജെയ്റ്റ്ലിയുമൊക്കെ ശ്രമിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇത്തരം നടപടികളെ കാണേണ്ടത്. ആഗ്രയിലും ഗുജറാത്തിലുമൊക്കെ നടന്ന മതപരിവര്‍ത്തനം കേരളത്തിലേക്കും കടന്നുവന്നിരിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന 'ഘര്‍ വാപസി' എന്നു പേരിട്ട മതപരിവര്‍ത്തനത്തെ ന്യായീകരിക്കുന്നവര്‍ ഭരണഘടനയെയാണു ചോദ്യം ചെയ്യുന്നത്. ഏതു മതത്തിലും വിശ്വസിക്കാനുള്ള എല്ലാവിധ സ്വാതന്ത്യ്രവും ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനതന്നെ പൊളിച്ചെഴുതാന്‍ സംഘപരിവാര്‍ സ്വാധീനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുനിയുമോ എന്നാണു സന്ദേഹം. മതപരിവര്‍ത്തനം അപ്പാടെ നിര്‍ത്തുന്ന നിയമം കൊണ്ടുവരാം എന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ പാര്‍ലമെന്റില്‍ മന്ത്രി വെങ്കയ്യനായിഡു ആവര്‍ത്തിക്കുമ്പോള്‍ ഇതൊരു ആസൂത്രിത പദ്ധതിയല്ലെന്ന് എങ്ങനെ പറയാനാവും? നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ബിജെപി എതിര്‍ക്കുന്നുവെന്നു പറഞ്ഞ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നതിന്റെ അടുത്ത ദിവസമാണ് ഇവിടെയും മതംമാറ്റം അരങ്ങേറിയതെന്നതു തീര്‍ത്തും യാദൃച്ഛികമായി കാണാനാവില്ല.


നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള കര്‍ശനമായ നിയമങ്ങള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. ആരെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ അതിനെതിരേ മുന്‍പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു നടപടിയെടുക്കാമെന്ന് നാഷണല്‍ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം(എന്‍യുസിഎഫ്) കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മതപരിവര്‍ത്തനനിരോധന നിയമം കൊണ്ടുവരാനുള്ള നീക്കമാകട്ടെ, മനഃസാക്ഷി സ്വാതന്ത്യ്രമനുസരിച്ചുള്ള വിശ്വാസം സ്വീകരിക്കാനും അതു പുലര്‍ത്താനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25-ാം വകുപ്പു നല്‍കുന്ന അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നും എന്‍യുസിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.

ക്രൈസ്തവസമൂഹത്തെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്ന പ്രവണത ഈ ദിവസങ്ങളില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഡല്‍ഹിയില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ നടന്ന ആക്രമണങ്ങളിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റ മൂക്കിനു മുന്നില്‍ നടന്ന അക്രമമാണത്. സ്വാതന്ത്യ്രത്തിന്റെ അറുപതാണ്ടു പിന്നിട്ടിട്ടും ഇന്ത്യയില്‍ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല, പലേടത്തും ജനനനിരക്കു കുറഞ്ഞുവരുകയുമാണ്. ഉള്ളവരെക്കൂടി ഉന്മൂലനം ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഒരു കാരണവശാലും പിന്തുണയ്ക്കുന്ന നിലപാടല്ല ക്രൈസ്തവ സഭകള്‍ക്കുള്ളത്. അതേസമയം, വ്യക്തിസ്വാതന്ത്യ്രവും വിശ്വാസ സ്വാതന്ത്യ്രവും ഭരണഘടന നല്‍കുന്ന സംരക്ഷണവും പാലിക്കണമെന്ന കാര്യത്തില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനു നിര്‍ബന്ധമുണ്ട്. പ്രതികരണത്തിലും പ്രതിഷേധത്തിലുമൊക്കെ ക്രൈസ്തവര്‍ പുലര്‍ത്തുന്ന സഹനമനോഭാവത്തെ ദൌര്‍ബല്യമായി കാണുന്നവരുണ്ടാകാം. പക്ഷേ, രാജ്യത്തെ ന്യൂനപക്ഷത്തെ തച്ചുതകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ലെന്നതു ചരിത്രസത്യമാണ്. ഇത്തരം വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രി പുലര്‍ത്തുന്ന നിശബ്ദത ന്യൂനപക്ഷങ്ങളെ ഏറെ വേദനിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.