കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ജനുവരി 20നകം: മന്ത്രി ചെന്നിത്തല
കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ജനുവരി 20നകം: മന്ത്രി ചെന്നിത്തല
Saturday, December 27, 2014 1:09 AM IST
തൊടുപുഴ: കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ജനുവരി 20നകം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പി.ജെ. ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജ് ഗ്രൌണ്ടില്‍ ആരംഭിച്ച കാര്‍ഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ലെന്നു പറഞ്ഞ മന്ത്രി രമേശ്, നാണ്യവിളയ്ക്കൊപ്പം മറ്റു കാര്‍ഷികോത്പന്നങ്ങളുടെ വിലയും വര്‍ധിക്കേണ്ടിയിരിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്കു വിലസ്ഥിരത ഉറപ്പാക്കി പിടിച്ചുനിര്‍ത്താന്‍ കേരളസര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്.

കാര്‍ഷികമേഖലയില്‍ നിക്ഷേപം ഉണ്ടാകണമെങ്കില്‍ കര്‍ഷകര്‍ക്കു പരിഗണന ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കുറച്ച് നാണ്യവിളയ്ക്ക് സ്ഥിരമായ വില ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കാര്‍ഷികോത്പന്നങ്ങള്‍ക്കു വില സ്ഥിരതയും ഉത്പന്നങ്ങള്‍ക്കു തറവിലയും പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു അധ്യക്ഷതവഹിച്ചു മന്ത്രി പി.ജെ. ജോസഫ് ചൂണ്ടികാട്ടി.


കാര്‍ഷികമേഖലയുടെ സന്ദേശം പുതുതലമുറയിലേക്കെത്തിക്കാനുള്ള സംരംഭം മാത്രമാണു കാര്‍ഷികമേള ലക്ഷ്യം വയ്ക്കുന്നതെന്നും ഈ മേളയില്‍ കുടുംബകൃഷിക്കാണു പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി ജോസഫ് വ്യക്തമാക്കി.

അഡ്വ. ജോയ്സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റിന്‍, ജോസഫ് വാഴയ്ക്കന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.തോമസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം.ഹാരിദ്, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടി.എം .ജോസഫ്, കോളജ് ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, റോയി കെ. പൌലോസ്, അഡ്വ.ജോയി തോമസ്, ജോണി പൂമറ്റം, പി.എ. വേലുക്കുട്ടന്‍, നെജി ഷാഹുല്‍ ഹമീദ്, ഷാഹുല്‍ പടിഞ്ഞാറേക്കര, വിനോദ് കണ്ണോളില്‍, പ്രഫ.എം.ജെ. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍എംപി ഫ്രാന്‍സിസ് ജോര്‍ജ് സ്വാഗതവും അഡ്വ.ജോസി ജേക്കബ് നന്ദിയുംപറഞ്ഞു. നേരത്തേ ഉദ്ഘാടന വേദിയിലെത്തിയ മന്ത്രി രമേശ് ചെന്നിത്തല മന്ത്രി പി.ജെ. ജോസഫിനൊടൊപ്പം കാര്‍ഷികമേളയിലെ സ്റാളുകള്‍ സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.