കുരുക്കുകളഴിഞ്ഞു, ജന്മനാടിന്റെ സ്വാതന്ത്യ്രത്തില്‍ ജയചന്ദ്രന്‍ മൊകേരി
കുരുക്കുകളഴിഞ്ഞു, ജന്മനാടിന്റെ സ്വാതന്ത്യ്രത്തില്‍ ജയചന്ദ്രന്‍ മൊകേരി
Saturday, December 27, 2014 1:10 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: എട്ടുമാസവും ഇരുപതു ദിവസവും നീണ്ട മാലദ്വീപിലെ ജയില്‍വാസത്തിനൊടുവില്‍ ജയചന്ദ്രന്‍ മൊകേരി നാട്ടില്‍ തിരിച്ചെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരിധിയില്ലാത്ത പരിശ്രമത്തിന്റെ ഫലമായാണ് അധ്യാപകനും സാഹിത്യകാരനുമായ ജയചന്ദ്രന്‍ ജയില്‍ മോചിതനായത്. ശരിഅത്ത് നിയമം നിലനില്‍ക്കുന്ന മാലദ്വീപില്‍ 25 വര്‍ഷംവരെ ശിക്ഷയ്ക്കു സാധ്യതയുള്ളിടത്തുനിന്നാണ് എല്ലാ കുരുക്കുകളുമഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയത്.

വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന കേസില്‍ ജയിലിലിടയ്ക്കപ്പെട്ട ജയചന്ദ്രനെ ക്രിസ്മസ് ദിനത്തിലാണു വിട്ടയച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനമാര്‍ഗം ബംഗളൂരുവിലെത്തി. അവിടെനിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തി. മാധ്യമപ്രവര്‍ത്തകരെ കണ്ടു തനിക്കു വേണ്ടി ഇടപെട്ട എല്ലാവര്‍ക്കും നന്ദിപറഞ്ഞ ശേഷം ജന്മനാടായ മൊകേരിയിലേക്കു മടങ്ങി. ഭാര്യ ജ്യോതിയും മകള്‍ കാര്‍ത്തികയും കൂടെയുണ്ടായിരുന്നു.

മാലദ്വീപിലെ ഫാഫു ഫീ അലി അറ്റോള്‍ സ്കൂളില്‍ ആറര വര്‍ഷമായി ഇംഗ്ളീഷ് അധ്യാപകനായിരുന്നു ജയചന്ദ്രന്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണു ജയിലിലാകുന്നത്. സ്കൂളിലെ അഞ്ചാം ക്ളാസുകാരനായ കുട്ടിയെ ശാസിച്ചതായിരുന്നു കുറ്റം. അധ്യാപകന്‍ മര്‍ദിച്ചെന്ന കുട്ടിയുടെ പരാതി പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു എന്നായി മാറി. പിന്നീടു വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍തന്നെ അധ്യാപകനെതിരേ പരാതിയില്ലെന്നും പീഡിപ്പിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും എഴുതി നല്‍കി. എന്നിട്ടും ജയചന്ദ്രനെ മോചിപ്പിക്കാന്‍ നടപടിയുണ്ടായില്ല.

തുടര്‍ന്നു ജയചന്ദ്രന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തിറങ്ങി. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ അധികാരികളും ഇടപെട്ടു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ സുഹൃത്തുക്കള്‍ നിരന്തരം ഇടപെടല്‍ നടത്തി. കേരളം മുഴുവന്‍ ജയചന്ദ്രന്റെ മോചനത്തിനായി ശബ്ദമുയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാര്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവര്‍ വഴിയും ഇടപെടലുകളുണ്ടായി. ഇതിനായി ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഒരാഴ്ചയോളം ഡല്‍ഹിയില്‍ തങ്ങി. ജന്മനാടായ മൊകേരിയിലും ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നു. എല്ലാവരുടെയും പ്രാര്‍ഥനകളും പ്രയത്നങ്ങളും സഫലമാക്കിയാണു മോചനവാര്‍ത്തയും പിന്നാലെ ജയചന്ദ്രനുമെത്തിയത്.

ജയചന്ദ്രന്റെ ഭാര്യ ജ്യോതി തിരൂര്‍ നിറമരുതൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. മക്കളായ കാര്‍ത്തികയും അഭിജിത്തും യൂണിവേഴ്സിറ്റിക്കു സമീപത്തെ സ്കൂളില്‍ വിദ്യാര്‍ഥികളാണ്.

സങ്കല്പിച്ചിട്ടുണ്േടാ ഒരു മനുഷ്യന്‍ ഒന്നുമല്ലാതാകുന്ന അവസ്ഥ?

കോഴിക്കോട്: ജീവിതകാലം മുഴുവന്‍ തടവറയില്‍ കഴിയേണ്ടിവരുമെന്നു മനസില്‍ ഉറപ്പിച്ചിടത്തുനിന്നാണു നിങ്ങളെന്നെ മോചിപ്പിച്ചു കൊണ്ടുവന്നിരിക്കുന്നത്. ആരോട്, എങ്ങിനെ നന്ദിപറയണമെന്നറിയില്ല. ഒന്നുറപ്പാണ്, ലോകത്തു നന്മയുള്ളവര്‍ ഒരുപാട് ബാക്കിയുണ്ട്... ഇത്രയും പറയുമ്പോഴേക്കും ജയചന്ദ്രന്‍ മൊകേരിയുടെ വാക്കുകള്‍ മുറിഞ്ഞു. - എട്ടുമാസവും ഇരുപതു ദിവസവും നീണ്ട ജയില്‍വാസത്തിന്റെ അനുഭവങ്ങള്‍ കാലിക്കട്ട് പ്രസ്ക്ളബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.


മാനസികമായി തകര്‍ന്നിടത്തുനിന്നുള്ള രണ്ടാം ജന്മമാണിത്. ഒരു മനുഷ്യന്‍ ഒരു ദിവസം ഒന്നുമല്ലാതാകുന്ന അവസ്ഥ. ആരും സങ്കല്‍പിച്ചുപോലും നോക്കാത്ത ആ അവസ്ഥയാണു താനനുഭവിച്ചത്. ക്ളാസ്മുറിയില്‍ തീരേണ്ട ഒരു പരാതി എങ്ങനെയാണു മഹാ അപരാധമായി മാറ്റിയതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ഒന്നാംക്ളാസുമുതല്‍ പന്ത്രണ്ടാംക്ളാസുവരെയാണു മാലിയിലെ സ്കൂള്‍. പൊതുവേ വികൃതികളായ കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രയാസമാണു ക്ളാസില്‍ ഇരുത്തല്‍. വിദ്യാര്‍ഥികള്‍ ബഹളംവച്ചാല്‍ സ്കൂള്‍ അധികൃതരും കുട്ടികളെ വഴക്കുപറഞ്ഞാല്‍ അവരുടെ രക്ഷിതാക്കളും പ്രശ്നക്കാരാകും. ഇതിനിടെ ഏറെ പണിപ്പെട്ടാണ് അധ്യാപനം.

അഞ്ചാംക്ളാസുകാരനായ കുട്ടിയെ വികൃതികാണിച്ചതിനു ശാസിച്ചതു മാത്രമാണു ഞാന്‍ ചെയ്തകുറ്റം. ഏപ്രില്‍ അഞ്ചിനാണു പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടുദിവസംകൊണ്ടു പറഞ്ഞുവിടാമെന്നു പറഞ്ഞെങ്കിലും എത്തിയതു ജയില്‍ മുറിയിലേക്കായിരുന്നു. 20 അടിനീളവും പത്തടി വീതിയുമുള്ള ജയില്‍മുറി. അവിടെ പത്തു തടവുകാര്‍. അതും വിവിധ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവര്‍. അരമതില്‍ മാത്രമുള്ളൊരു കക്കൂസും കുളിമുറിയും. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ പോലും പല ദിവസങ്ങളിലും മുടങ്ങി. നിരപരാധിയാണെന്നു പറയുമ്പോള്‍ സഹതടവുകാര്‍ക്കെല്ലാം പുച്ഛമായിരുന്നു.

ആദ്യത്തെ മൂന്നു മാസം ഒന്നും മനസിലായില്ല. പലപ്പോഴും ഓര്‍മപോലും നഷ്ടപ്പെട്ട അവസ്ഥ. ഭാര്യയുടെയും മക്കളുടെയും അമ്മയുടെയും മുഖം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധം ബോധം മറഞ്ഞുപോയി. അവിടെനിന്ന് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതു വിശ്വസിക്കാനാവുന്നില്ല. എനിക്കുവേണ്ടി ആരൊക്കെ എന്തൊക്കെ ചെയ്തു എന്നത് പുറത്തുവന്നശേഷമാണ് അറിയുന്നത്. നാട്ടില്‍ നടക്കുന്നതൊന്നും ജയിലില്‍ അറിഞ്ഞിരുന്നില്ല. സഹോദരന്റെ മരണവിവരം പോലും അറിഞ്ഞത് ഇപ്പോഴാണ്. കഴിഞ്ഞ ജൂണിലായിരുന്നു അത്. അതുപോലും അറിയാത്ത വിധം ജീവിതം ഇരുട്ടിലായിപ്പോയതിന്റെ വേദന ആരോടാണു പറയേണ്ടത്. സഹിക്കാനാവുന്നില്ല. എനിക്കുവന്നുപെട്ടതുപോലെ ഒരവസ്ഥ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്നുമാത്രമാണു പ്രാര്‍ഥന. - ജയചന്ദ്രന്‍ പറഞ്ഞു.

ജയചന്ദ്രന്‍ ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണും. രാവിലെ ഏഴരയ്ക്കു ഈസ്റ്ഹില്‍ ഗവ. ഗസ്റ് ഹൌസിലെത്തണമെന്നു മുഖ്യമന്ത്രി ജയചന്ദ്രനെ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.