യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പിതാവും അനുജനും അറസ്റില്‍
യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പിതാവും അനുജനും അറസ്റില്‍
Saturday, December 27, 2014 1:04 AM IST
സ്വന്തം ലേഖകന്‍

ബദിയഡുക്ക(കാസര്‍ഗോഡ്): രണ്ടാഴ്ച മുമ്പ് കാണാതായ ബാഡൂര്‍ ഷിറിയ അണക്കെട്ടിനടുത്ത വൊര്‍ക്കാടി മൂല കെദ്രോളി ഹൌസിലെ തിരുമലേഷിനെ (24) തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയ നിലയില്‍ കണ്െടത്തി. സംഭവവുമായി ബന്ധപ്പെട്ടു തിരുമലേഷിന്റെ പിതാവ് സുബ്ബനായിക്ക്(61), അനുജന്‍ ഗണേഷ് (22) എന്നിവരെ ബദിയഡുക്ക പോലീസ് അറസ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചിനു രാത്രി വീട്ടില്‍വച്ചു വാക്കുതര്‍ക്കത്തിനിടെ തിരുമലേഷിനെ കൊരണ്ടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം ഇന്നലെ ഉച്ചയോടെ എഡിഎമ്മിന്റെ നിര്‍ദേശപ്രകാരം മഞ്ചേശ്വരം തഹസില്‍ദാര്‍ ശശിധരഷെട്ടി ഇന്‍ക്വസ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കരിച്ചു.

മദ്യപാനിയായിരുന്ന തിരുമലേഷ് മൂന്നുമാസം മുമ്പ് മദ്യപാനത്തില്‍നിന്നു മോചിതനായി നാട്ടുകാരനായ ഇസ്മയിലിന്റെ വീട്ടുപറമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍, പിതാവ് സുബ്ബനായ്ക്കും ഇളയ സഹോദരന്‍ ഗണേഷും നിരന്തരം മദ്യപിക്കുകയും വീട്ടില്‍ ബഹളമുണ്ടാക്കുകയും ചെയ്യുന്നതു തിരുമലേഷ് പലപ്പോഴും ചോദ്യം ചെയ്തിരുന്നത്രെ. കൊലപാതകം നടക്കുന്നതിനു തലേന്നാള്‍ വീട്ടില്‍ വഴക്കുണ്ടായ വിവരം തിരുമലേഷ് നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.


കഴിഞ്ഞ ഏഴിനു തിരുമലേഷ് ജോലിക്കു വരാത്ത കാര്യം ഇസ്മയില്‍ തിരക്കിയപ്പോള്‍ കൃത്യമായ ഉത്തരം പറയാതെ സഹോദരന്‍ ഗണേഷ് ഒഴിഞ്ഞുമാറി. ഇതോടെയാണു ദുരൂഹത വര്‍ധിച്ചത്. കൂടാതെ, തിരുമലേഷിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതായി സംശയമുണ്െടന്നു ചൂണ്ടിക്കാട്ടി നാട്ടുകാരില്‍ ചിലര്‍ കാസര്‍ഗോഡ് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നു വ്യാഴാഴ്ച രാവിലെ ഡിവൈഎസ്പിയും സിഐ പി.കെ. സുധാകരന്‍, ബദിയഡുക്ക എസ്ഐ കെ. ദാമോദരന്‍, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സി.വി.സാജു, പ്രദീപ് ഗോപാല്‍ എന്നിവരും ചേര്‍ന്നു സ്ഥലത്തു നടത്തിയ അന്വേഷണത്തിലും പ്രതികളെ കസ്റഡിയിലെടുത്തു നടത്തിയ ചോദ്യംചെയ്യലിലുമാണു കൊലപാതക വിവരം പുറത്തായത്. തിരുമലേഷിന്റെ മരണം ഉറപ്പാക്കിയശേഷം മൃതദേഹം സുബ്ബനായിക്കും ഗണേഷും ചേര്‍ന്നു 400 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്നും തിരിച്ചു വീട്ടിലെത്തിയ ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞെന്നും പോലീസ് പറഞ്ഞു.

കമലയാണു തിരുമലേഷിന്റെ മാതാവ്. മംഗലാപുരത്തുള്ള രാജേഷ്, ഹേമാവതി, രത്നാവതി എന്നിവര്‍ മറ്റു സഹോദരങ്ങളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.