വിദേശത്തുനിന്നയച്ച ചെക്കില്‍ പേരു തിരുത്തി പണം തട്ടിയെന്നു പരാതി
Sunday, January 25, 2015 1:03 AM IST
പൂച്ചാക്കല്‍: ഓസ്ട്രേലിയയില്‍ ജോലിചെയ്യുന്ന പാണാവള്ളി സ്വദേശി ജോര്‍ജ് ചിട്ടിക്കു പണം അടയ്ക്കുന്നതിനായി കെഎസ്എഫ്ഇ പൂച്ചാക്കല്‍ ശാഖയിലേക്ക് അയച്ച 80,000 രൂപയുടെ ചെക്കില്‍ പേരു തിരുത്തി പണം തട്ടിയതായി ആരോപണം. പേരു മാറി പണം തട്ടിയെടുത്തെന്ന പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓസ്ട്രേലിയയില്‍നിന്നും സാധാരണ തപാലിലാണ് അയച്ചതെന്നും ക്രോസ് ചെയ്യാത്തതിനാല്‍ സാധാരണ കാഷ് ചെക്കായി പണം മാറിയെടുത്തെന്നുമാണു പോലീസിനു ലഭിച്ച വിവരം.

ചെക്കില്‍ പണം നല്‍കേണ്ടയാളുടെ പേര് കെഎസ്എഫ്ഇ പൂച്ചാക്കല്‍ എന്നതു ഇംഗ്ളീഷില്‍ എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ തമ്മില്‍ അകലം ഉണ്ടായിരുന്നതും തട്ടിപ്പുനടത്താന്‍ കൂടുതല്‍ സഹായകരമായി. ചെക്ക് കിട്ടിയയാള്‍ ചെക്കിലെ പേര് കെ. സെഫിക്ക് എന്നാക്കി പണം തട്ടുകയായിരുന്നു. അയച്ച പണം കെഎസ്എഫഇയില്‍ ലഭിക്കാത്തതിനാല്‍ ബാങ്കുകാര്‍ അറിയിച്ചതനുസരിച്ച് ജോര്‍ജ് അന്വേഷിച്ചപ്പോഴാണ് ബാങ്കില്‍ നിന്നും ചെക്ക് മാറി പണം തട്ടിയവിവരം മനസിലായത്. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പൂച്ചാക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.