രാഷ്ട്രീയ കണക്കെടുപ്പില്‍ പിള്ള തത്കാലം രക്ഷപ്പെട്ടു
രാഷ്ട്രീയ കണക്കെടുപ്പില്‍ പിള്ള തത്കാലം രക്ഷപ്പെട്ടു
Thursday, January 29, 2015 12:26 AM IST
സാബു ജോണ്‍

തിരുവനന്തപുരം: രാഷ്ട്രീയ ലാഭ-നഷ്ടങ്ങളുടെ കണക്കെടുപ്പിനൊടുവിലാണ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരേ കടുത്ത നടപടി വേണ്െടന്ന തീരുമാനത്തിലേക്കു കോണ്‍ഗ്രസും പിന്നാലെ മറ്റു പാര്‍ട്ടികളും എത്തിച്ചേര്‍ന്നത്. പിള്ളയെയും പി.സി. ജോര്‍ജിനെയും സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയും മൃദുസമീപനത്തിലേക്കു നീങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചു.

ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് ആര്‍. ബാലകൃഷ്ണപിള്ളയും ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നപ്പോള്‍ മുതല്‍ പിള്ളയ്ക്കെതിരേ യുഡിഎഫില്‍ ശക്തമായ വികാരമുയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനപ്പുറം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളുടെ നേതാക്കളും പിള്ളയ്ക്കെതിരേ രംഗത്തു വന്നു. ഫോണ്‍ സംഭാഷണത്തിനു പിന്നാലെ പിള്ള നടത്തിയ പത്രസമ്മേളനങ്ങളിലെ പരാമര്‍ശങ്ങളായിരുന്നു അദ്ദേഹത്തിനെതിരേ ശക്തമായ രോഷമുയരാന്‍ ഇടയാക്കിയത്. ഇതിന്റെ ഭാഗമായാണ് പിള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മാത്രമായി യുഡിഎഫ് യോഗം വിളിച്ചതും. ഇതിനിടെയാണ് പി.സി. ജോര്‍ജിന്റെ പ്രസ്താവന വിവാദമായത്.

പിള്ള മുന്നണിക്കു പുറത്തേയ്ക്ക് എന്ന സൂചനയാണു പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസം നല്‍കിയത്. 28 കഴിയുമ്പോള്‍ പിള്ളയുടെ കാര്യം പറയാം എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനിടയിലും പിള്ള മുന്നണി നേതൃത്വത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

എന്നാല്‍, പിള്ളയെയും ജോര്‍ജിനെയും പിന്തുണയ്ക്കുമെന്ന തരത്തില്‍ സിപിഎം നേതാക്കള്‍ പ്രസ്താവനയിറക്കിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ പുനരാലോചനയുണ്ടായി.

ചൊവ്വാഴ്ച രാവിലെ മുതല്‍ രാത്രി വരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുസ്ലിം ലീഗ് നേതാവ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പല തവണയായി കൂടിയാലോചന നടത്തി. മന്ത്രി കെ.എം. മാണിയുമായും ഇവര്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇന്നലെ രാവിലെ മുസ്ലിം ലീഗ് നേതാക്കള്‍ പ്രത്യേക യോഗം ചേരുകയും ചെയ്തു.

ഇതിനിടെ ചൊവ്വാഴ്ചയോടെ കോണ്‍ഗ്രസിന്റെയും മറ്റു ഘടകകക്ഷികളുടെയും നേതാക്കള്‍ പിള്ളയ്ക്ക് അനുകൂലമായി മെല്ലെ രംഗത്തു വന്നുകൊണ്ടിരുന്നു. കൊല്ലത്തുനിന്നുള്ള നേതാക്കള്‍ പിള്ളയ്ക്കെതിരേ കടുത്ത നടപടി പാടില്ലെന്ന നിലപാട് നേതൃത്വത്തെ അറിയിച്ചു. പിള്ളയെ അനുകൂലിച്ചു കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ പരസ്യമായി രംഗത്തുവന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവരും പിള്ളയെ പുറത്താക്കുന്നതിനെതിരായ നിലപാട് നേതൃത്വത്തെ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണു പിള്ളയ്ക്കെതിരേ കടുത്ത നടപടി വേണ്െടന്ന് ആദ്യം അഭിപ്രായപ്പെട്ടതെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചു. ഇതോടെ പിള്ളയ്ക്കെതിരേ കടുത്ത നടപടി വേണമെന്നു വാദിച്ചിരുന്നവര്‍ മെല്ലെ അയഞ്ഞു തുടങ്ങി. മുന്നണിയുടെ സ്ഥാപക നേതാവായ പിള്ളയെ പുറത്താക്കുന്നത് മുന്നണിക്കു രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന വാദത്തിനു ശക്തിയേറി. നിലവിലെ യുഡിഎഫ് രാഷ്ട്രീയത്തില്‍ പിള്ളയെ കളയുന്നതു സാമുദായിക സന്തുലിതാവസ്ഥയ്ക്കു ദോഷം ചെയ്യുമെന്ന വാദവും ഉയര്‍ന്നുവന്നു.


ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാട് ലീഗ് നേതാക്കള്‍ സ്വീകരിച്ചെങ്കിലും പിള്ളയെ പുറത്താക്കണമെന്ന് അവരും ആവശ്യപ്പെട്ടില്ല. പിള്ളയെ പുറത്താക്കണമെന്നു തങ്ങളായി ആവശ്യപ്പെടില്ലെന്നു കേരള കോണ്‍ഗ്രസ് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് അവസാനനിമിഷം മലക്കം മറിയുമെന്നും അതുകൊണ്ടു തന്നെ തങ്ങളായി പിള്ളയ്ക്കെതിരേ പരസ്യനിലപാട് സ്വീകരിക്കുന്നില്ലെന്നും ചെറുകക്ഷികളും തീരുമാനിച്ചിരുന്നു.

പിള്ളയ്ക്കെതിരേ കടുത്ത നടപടി വേണ്െടങ്കില്‍ ജോര്‍ജിനും അതു ബാധകമാകുമെന്നു മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ടായിരുന്നു. മാത്രമല്ല, പിള്ള പ്രശ്നത്തില്‍ പിള്ളയുടെ പാര്‍ട്ടിക്കെതിരേ ആയിരുന്നു മുന്നണി നേതൃത്വം നീങ്ങുന്നത്. എന്നാല്‍, പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ വ്യക്തിപരമായ നിലപാടുകളാണു പ്രശ്നമായത്. അതുകൊണ്ടു തന്നെ ജോര്‍ജിന്റെ കാര്യത്തില്‍ നടപടി വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു കേരള കോണ്‍ഗ്രസ് ആണെന്ന നിലപാടാണു മുമ്പു തന്നെ മുന്നണി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ജോര്‍ജിന്റെ കാര്യത്തിലും തിടുക്കം വേണ്െടന്നു നേതൃത്വം തീരുമാനിക്കുകയായിരുന്നു.

പിള്ളയെ മുന്നണിയില്‍നിന്നു തങ്ങളായി പുറത്താക്കുന്നില്ലെന്നു മാത്രമാണു മുന്നണിയുടെ തീരുമാനമെന്നാണു നേതാക്കള്‍ പറയുന്നത്. അദ്ദേഹം സ്വന്തം തീരുമാനപ്രകാരം മുന്നണി വിട്ടുപോയാല്‍ വിരോധമില്ലെന്നും ഇവര്‍ പറയുന്നു. പിള്ളയെ പുറത്താക്കിയെന്ന പേരുദോഷം കേള്‍ക്കാന്‍ മുന്നണി നേതൃത്വത്തിനു താല്‍പര്യമില്ലെന്നു മാത്രം. ഏതായാലും ഇനി പിള്ളയുടെ നിലപാടനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ യുഡിഎഫിലെ നിലനില്‍പ്പെന്ന നിലപാടിലാണിപ്പോള്‍ നേതൃത്വം.

മുന്നണിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച പിള്ള മുന്നണിയില്‍ തുടരുന്നതു മുന്നണി നേതൃത്വത്തിന്റെ ദയാദാക്ഷിണ്യം കൊണ്ടാണെന്നു കരുതാന്‍ വയ്യ. പിള്ളയെ വെറുപ്പിച്ചു പുറത്താക്കാന്‍ മുന്നണിക്കു ധൈര്യം പോരാ എന്നതാണു വസ്തുത. അതോടൊപ്പം തന്നെ മറ്റു ഘടകകക്ഷി പാര്‍ട്ടികളിലെ പ്രമുഖരായ ഏതാനും നേതാക്കളെ തനിക്ക് അനുകൂലമാക്കി തിരിക്കാന്‍ സാധിച്ചതു ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മിടുക്കാണെന്നും സമ്മതിക്കാതെ വയ്യ. ഏതായാലും പിള്ളയുടെയും ജോര്‍ജിന്റെയും പേരില്‍ യുഡിഎഫിലുണ്ടായ പ്രശ്നങ്ങള്‍ ഇതോടെ തീര്‍ന്നെന്നു കരുതാന്‍ വയ്യ. തത്കാലം ഒന്നുമില്ലാത്ത നിലപാടെടുത്തു മുന്നണി നേതൃത്വം തടിയൂരിയെന്നു മാത്രം പറയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.