വഴങ്ങാതെ പിള്ള; യുഡിഎഫ് വെട്ടില്‍
വഴങ്ങാതെ പിള്ള; യുഡിഎഫ് വെട്ടില്‍
Friday, January 30, 2015 12:10 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മുന്നണിക്കു വഴങ്ങണമെന്ന അന്ത്യശാസനത്തിനു പുല്ലുവില കല്‍പ്പിച്ച് ആര്‍. ബാലകൃഷ്ണപിള്ള രംഗത്തു വന്നതോടെ ഇഞ്ചി കടിച്ച സ്ഥിതിയിലായി യുഡിഎഫ് നേതൃത്വം. സീനിയര്‍ നേതാവെന്ന പരിഗണന നല്‍കി പിള്ളയ്ക്കെതിരേ നടപടി വേണ്െടന്നു തീരുമാനിച്ചപ്പോള്‍ ഇങ്ങനെയൊരു പ്രതികരണം മുന്നണി നേതൃത്വം പ്രതീക്ഷിച്ചില്ല. എങ്ങനെയും മുന്നണിക്കു പുറത്തുപോയേ തീരൂ എന്ന വാശിയാണു പിള്ള കാണിക്കുന്നത്. പുറത്താക്കിയാലും ഇല്ലെങ്കിലും യുഡിഎഫില്‍ പിള്ളയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ഉറപ്പിക്കാം.

സ്വന്തം തെറ്റ് അംഗീകരിക്കാതെയും യുഡിഎഫ് നേതൃത്വം തന്നോടു തെറ്റു ചെയ്തെന്ന് ആരോപിച്ചുമാണ് പിള്ള ഇന്നലെ പത്രസമ്മേളനം നടത്തിയത്. മാത്രമല്ല, ബാര്‍കോഴ കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. മാണി കോഴ വാങ്ങിയെന്ന് ആരോപിക്കുന്നില്ലെന്നു പറയുമ്പോഴും കോഴ ഉണ്ടായെന്നും ഒന്നിലേറെ പേര്‍ കോഴ വാങ്ങിയെന്നുമാണു പിള്ള പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ അതിരൂക്ഷവിമര്‍ശനവും അഴിച്ചുവിട്ടു. മുഖ്യമന്ത്രിക്കു താന്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കില്‍ ഒരു മന്ത്രി ഇപ്പോള്‍ അകത്തു കിടക്കുമായിരുന്നു എന്നുവരെ പിള്ള പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്ര മാണ് പിള്ളയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചത്. മുന്നണിയില്‍ തുടരണമെങ്കില്‍ മിതത്വവും മുന്നണിമര്യാദയും പാലിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതല്ലെങ്കില്‍ പിള്ളയ്ക്കു മുന്നണി വിട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ഥത്തില്‍ പിള്ള മുന്നണി വിട്ടുപോകണമെന്നു തന്നെയാണു യുഡിഎഫിന്റെ ആഗ്രഹം. എന്നാല്‍, മുന്നണിയില്‍നിന്നു പുറത്താക്കി അദ്ദേഹത്തിനു രക്തസാക്ഷി പരിവേഷം നല്‍കാന്‍ യുഡിഎഫ് തയാറല്ല. മറിച്ചു പിള്ളയാകട്ടെ സ്വയം ഇറങ്ങിപ്പോകാന്‍ തയാറല്ല. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ബലിയാടെന്നു വരുത്തിത്തീര്‍ക്കണമെങ്കില്‍ അദ്ദേഹത്തെ മുന്നണി പുറത്താക്കുക തന്നെ വേണം.


കോണ്‍ഗ്രസ് നേതൃത്വത്തിലെ പതിവുകളികളാണു പിള്ളയ്ക്കെതിരേയുള്ള നടപടി ഒഴിവാകാന്‍ കാരണമായത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉള്‍പ്പെടെ ചില നേതാക്കള്‍ പിള്ളയെ തിടുക്കത്തില്‍ പുറത്താക്കുന്നതിനെ അനുകൂലിച്ചില്ല. അതോടെയാണ് പിള്ള പ്രശ്നം ലഘുവായ ഭാഷയിലുള്ള അന്ത്യശാസനത്തിലൊതുങ്ങിയത്. അതല്ലെങ്കില്‍ ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍തന്നെ പിള്ളയെ പുറത്താക്കാന്‍ തീരുമാനിക്കുമായിരുന്നു.

എന്നാല്‍, പിള്ളയെ അനുകൂലിച്ചവര്‍ക്കുപോലും ന്യായീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം ഇന്നലെ നടത്തിയത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഇന്നലെ പിള്ളയെ തള്ളിപ്പറഞ്ഞു. ഇടതുപക്ഷത്തുനിന്നാകട്ടെ കഴിഞ്ഞദിവസം കിട്ടിയ പ്രോത്സാഹനം ഇന്നലെ ലഭിച്ചില്ല. കാത്തിരുന്നു കാണാമെന്നും പിള്ള പുറത്തുവരട്ടെയെന്നും, മുന്നണിയിലെടുക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നുമൊക്കെ മാത്രമാണ് ഇന്നലെ ഇടതുനേതാക്കള്‍ പ്രതികരിച്ചത്.

ഏതു മുന്നണിക്കും സഹിക്കാവുന്നതിനും ക്ഷമിക്കാവുന്നതിനുമപ്പുറമാണു പിള്ളയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അതു പിള്ളയ്ക്കുമറിയാം. ഏതായാലും പിള്ള അധികനാള്‍ മുന്നണിയിലുണ്ടാകില്ലെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണി നേതൃത്വത്തിനു നിരന്തര തലവേദന സൃഷ്ടിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന പിള്ളയെ കൈവിടാതെ അവര്‍ക്കു തരമില്ല. എത്ര നാള്‍ ഇങ്ങനെ മുന്നോട്ട് എന്നു മാത്രമേ അറിയാനുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.