ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നുമുതല്‍
Sunday, February 1, 2015 12:08 AM IST
കോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 103-ാം സമ്മേളനം ഇന്നു മുതല്‍ എട്ടുവരെ പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പരിഷത്ത് ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രത്യാശയുടെ പദയാത്ര നടത്തുന്ന എം. അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി സച്ചിദാനന്ദ, ഡോ.എം.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞും വൈകുന്നേരവും ആധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക സമ്മേളനങ്ങളും നടക്കും. മൂന്നിനു സാംസ്കാരിക സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. നാലിന് ഉച്ചകഴിഞ്ഞു മൂന്നിന് അയ്യപ്പഭക്ത സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരും ആറിന് ഉച്ചകഴിഞ്ഞ് ആചാര്യാനുസ്മരണ സമ്മേളനം സ്വാമി അമൃതകൃപാനന്ദപുരിയും ഉദ്ഘാടനം ചെയ്യും.


എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.